ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ വിസയുമായി സൗദി

single-img
19 December 2017

സൗദിയിലേക്ക് ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഓണ്‍ലൈന്‍ വിസ സംവിധാനവുമായി സൗദി ടൂറിസം അതോറിറ്റി. സൗദിയിലേക്ക് വരുന്നവര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഓണ്‍ലൈന്‍ വിസ ലഭ്യമാവുമെന്ന് അതോറിറ്റി മേധാവി അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം, വിദേശകാര്യ മന്ത്രാലയം, തദ്ദേശഭരണ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് ടൂറിസ്റ്റ് വിസ നടപ്പാക്കുക. ഓണ്‍ലൈന്‍ വിസക്കുള്ള കരട് തയ്യാറായിട്ടുണ്ട്. വിഷന്‍ 2030 പദ്ധതിയുടെ ഭാഗമായാണ് സൗദി ടൂറിസം അതോറിറ്റിയുടെ പുതിയ തീരുമാനം.

രാഷ്ട്രത്തിന് പുതിയ പെട്രോളിതര വരുമാനം നേടിത്തരുന്നതായിരിക്കും ടൂറിസം മേഖല എന്ന് അമീര്‍ സുല്‍ത്താന്‍ ബിന്‍ സല്‍മാന്‍ പറഞ്ഞു. സാങ്കേതിക വിഭാഗത്തിന്റെ പണിപ്പുരയും ടൂറിസം അതോറിറ്റി മേധാവിയുടെ അംഗീകാരവും പൂര്‍ത്തിയായാല്‍ 2018ല്‍ ഓണ്‍ലൈന്‍ വിസ പ്രാബല്യത്തില്‍ വരും.

യുനസ്‌കോ അംഗീകാരം ലഭിച്ച മദാഇന്‍ സാലിഹ് ഉള്‍പ്പെടെയുള്ള ചരിത്രപ്രധാന പ്രദേശങ്ങളിലേക്കും പ്രകൃതി സുന്ദരമായ മലമ്പ്രദേശത്തേക്കും ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ ഇതിലൂടെ സാധിക്കും.

തിങ്കളാഴ്ച തലസ്ഥാനത്ത് ചേര്‍ന്ന യോഗത്തിലാണ് ഓണ്‍ലൈന്‍ വിസ നടപടികളെക്കുറിച്ച് അന്തിമ ചിത്രമായത്. വിമാന യാത്ര, ഹോട്ടല്‍ മേഖല, ഗതാഗത സംവിധാനങ്ങള്‍, വിനോദ പരിപാടികള്‍ എന്നിവയിലൂടെ സാമ്പത്തിക രംഗത്ത് സജീവതയുണ്ടാവാന്‍ ടൂറിസം വികസനം കാരണമാവുമെന്ന് യോഗം അഭിപ്രായപ്പെട്ടു.