സരിത എസ് നായര്‍ എഴുതിയ കത്ത് മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി

single-img
19 December 2017

സോളാര്‍ ഇടപാടുമായി ബന്ധപ്പെട്ട് പ്രതി സരിത എസ് നായര്‍ എഴുതിയ കത്ത് മാധ്യമങ്ങളടക്കം ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി. റിപ്പോര്‍ട്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ നിര്‍ദേശം.

രണ്ടുമാസത്തേക്കാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. മാധ്യമങ്ങളുള്‍പ്പെടെ ആരും കത്ത് ചര്‍ച്ച ചെയ്യരുതെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ജനുവരി 15 ന് കോടതി വിശദമായ വാദം കേള്‍ക്കും. നേരത്തെ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചിരുന്നു.

സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ വാര്‍ത്താക്കുറിപ്പ് ഇറക്കിയ മുഖ്യമന്ത്രിയുടെ നടപടിയെയാണ് ഹൈക്കോടതി വിമര്‍ശിച്ചത്. മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് അനുചിതമാണെന്ന് കോടതി അഭിപ്രായപ്പെട്ടു. വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് എങ്ങനെ നിഗമനങ്ങളില്‍ എത്താനാകുമെന്നും കോടതി ചോദിച്ചു.

ഹര്‍ജിക്കാരന്റെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കേണ്ട ബാധ്യതയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. വ്യക്തിയെന്ന നിലയില്‍ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ട് പോകാന്‍ പാടില്ല. വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം സര്‍ക്കാരിനുമുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ഉമ്മന്‍ ചാണ്ടിയുടെ ആവശ്യം കോടതി തള്ളി. തുടര്‍നടപടികള്‍ തടയില്ലെന്ന് കോടതി വാക്കാല്‍ വ്യക്തമാക്കി. കമ്മീഷനെ കുറിച്ച് ആക്ഷേപം ഉണ്ടായിരുന്നെങ്കില്‍ അത് എന്തുകൊണ്ട് നേരത്തെ ഉയര്‍ത്തിയില്ലെന്ന് കോടതി ഉമ്മന്‍ ചാണ്ടിയോട് ആരാഞ്ഞു.