‘സോളാറില്‍’ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

single-img
19 December 2017

സോളാര്‍ റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും സര്‍ക്കാരിന്റെ അന്വേഷണ ഉത്തരവും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേ ആയിരുന്നു കോടതിയുടെ പരാമര്‍ശം.

കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവന്നതിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് അനുചിതമായെന്ന് കോടതി വിലയിരുത്തി. വ്യക്തിയെന്ന നിലയില്‍ പ്രതിച്ഛായ തകര്‍ക്കുന്ന രീതിയില്‍ കാര്യങ്ങള്‍ മുന്നോട്ടു പോകാന്‍ പാടില്ല.

വ്യക്തിയുടെ പ്രതിച്ഛായ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുമുണ്ടെന്നും കോടതി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ടിലെ തുടര്‍നടപടികള്‍ തടയില്ലെന്ന് കോടതി വ്യക്തമാക്കി. വിധിയായല്ല പകരം വാക്കാലുള്ള പരാമര്‍ശമാണ് കോടതി നടത്തിയത്.

വിഷയത്തില്‍ എന്തെങ്കിലും തരത്തിലുള്ള ഇടക്കാല ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നത് സര്‍ക്കാരിന്റെ ഭാഗം കൂടി കേട്ട ശേഷം മാത്രമേ ആകാവൂ എന്ന് സര്‍ക്കാരിനു വേണ്ടി ഇന്ന് ഹാജരായ അഭിഭാഷകന്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് സോളര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തുടര്‍നടപടികളും സ്റ്റേ ചെയ്യില്ലെന്ന് കോടതി അറിയിച്ചത്.

സരിതയുടെ കത്തിലേത് ആരോപണങ്ങള്‍ മാത്രമെന്ന് ഉമ്മന്‍ചാണ്ടിയുടെ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. സോളാര്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കുന്നതിനെതിരെ ജസ്റ്റിസ് അരിജിത് പസായത് സര്‍ക്കാരിന് നല്‍കിയ നിയമോപദേശവും ഉമ്മന്‍ ചാണ്ടി ഹര്‍ജിക്കൊപ്പം ചേര്‍ത്തിട്ടുണ്ട്.