ഒക്കിനാവ പ്രെയിസ്: ഇന്ത്യയിലേറ്റവും വേഗമേറിയ ഇലക്ട്രിക് സ്കൂട്ടർ വിപണിയിൽ

single-img
19 December 2017

ഇന്ത്യയിൽ ഇതുവരെ ഇറങ്ങിയതിൽ ഏറ്റവും വേഗമേറിയ ഇലക്ട്രിക് സ്കൂട്ടറുമായി ഗുരുഗ്രാം ആസ്ഥാനമായ ഒക്കിനാവ ഓട്ടോ ടെക് പ്രൈവറ്റ് ലിമിറ്റഡ്. ഒക്കിനാവയുടെ പ്രെയിസ് എന്ന മോഡൽ സ്കൂട്ടറിനു 75 കിലോമീറ്റർ പ്രതി മണിക്കൂർ വേഗമാർജ്ജിക്കാൻ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഡൽഹിയിൽ ലോഞ്ചു ചെയ്ത ഈ സ്കൂട്ടറിന്റെ എക്സ് ഷോറൂം വില  ₹ 59,889 ആണു.  ഈ വർഷമാദ്യം ഒക്കിനാവ റിഡ്ജ് എന്ന പേരിൽ ഒരു സ്കൂട്ടർ പുറത്തിറക്കിയിരുന്നു. റിഡ്ജ് താരതമ്യേന ഒരു ബഡ്ജറ്റ് സ്കൂട്ടർ ആണെങ്കിൽ പുതിയ മോഡലായ പ്രെയിസ് ഒരു പ്രീമിയം മോഡൽ ആണു. ആയിരം വാട്സിന്റെ ഇലക്ട്രിക് മോട്ടോറിനു 3.35 ബി എച്ച് പി പവർ നൽകുവാൻ സാധിക്കും.

രണ്ടുമണിക്കൂർ കൊണ്ട് ഫുൾ ചാർജ്ജ് ആകുന്ന ഈ സ്കൂട്ടറിനു ഒരു ഫുൾ ചാർജ്ജിൽ 170 മുതൽ 200 കിലോമീറ്റർ വരെ ദൂരം ഓടാൻ കഴിയുമെന്നാണു നിർമ്മാതാക്കൾ അവകാശപ്പെടുന്നത്. ഈ കണക്കിൽ ഒരു കിലോമീറ്ററിനു പത്തുപൈസ മാത്രമേ ചിലവു വരികയുള്ളൂ എന്നും കമ്പനി അവകാശപ്പെടുന്നു.

മുന്നിൽ രണ്ടു ഡിസ്ക് ബ്രേക്കുകളും പിന്നിൽ ഒരു ഡിസ്ക് ബ്രേക്കും ഉള്ള പ്രെയിസിനു ഇലക്ട്രോണിക് അസ്സിസ്റ്റഡ് ബ്രേക്കിംഗ് സിസ്റ്റം ആണുള്ളത്, സൈഡ് സ്റ്റാൻഡ് സെൻസർ, കീലെസ് എൻട്രി, ആന്റി തെഫ്റ്റ് മെക്കാനിസം, ഫൈൻഡ് മൈ സ്കൂട്ടർ ഫംക്ഷൻ എന്നിങ്ങനെ നിരവധി മറ്റു ഫീച്ചറുകളും ഈ സ്കൂട്ടറിനുണ്ട്.

രന്റുതരം ബാറ്ററികൾ തെരെഞ്ഞെടുക്കാനുള്ള അവസരവും ഉപയോക്താവിനുണ്ട്. 5 മുതൽ 6 മണിക്കൂർ കൊണ്ട് ചാർജ്ജ് ആകുന്ന ലെഡ് ആസിഡ് ബാറ്ററിയും, 2 മണിക്കൂർ കൊണ്ട് ചാർജ്ജ് ആകുന്ന ലിഥിയം അയോൺ ബാറ്ററിയും ഓപ്ഷണൽ ആണു. ഇതിൽ ലിഥിയം ബാറ്ററിയ്ക്ക് 6000 രൂപയോളം അധികം നൽകേണ്ടിവരും.

ഡൽഹിയ്ക്കടുത്ത് ഗുരുഗ്രാം ആസ്ഥാനമായ ഒക്കിനാവ കമ്പനിയുടെ നിർമ്മാണ യൂണിറ്റ് രാജസ്ഥാനിലെ ഭിവാദിയിലാണു.