മോഹന്‍ലാലിന്റെ രൂപമാറ്റത്തിനു പിന്നില്‍ ബോട്ടോക്‌സ് ഇഞ്ചക്ഷനോ?: സത്യം ഇതാണ്

single-img
19 December 2017

മോഹന്‍ലാലിന്റെ ഒടിയന്‍ ലുക്കാണ് സിനിമാപ്രേമികളുടെയും അല്ലാത്തവരുടെയുമെല്ലാം ഇടയിലെ ഇപ്പോഴത്തെ ചര്‍ച്ചാവിഷയം. കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തിനെത്തിയ മോഹന്‍ലാലിനെ കണ്ട് ആരാധകര്‍ അമ്പരന്നിരുന്നു.

ശരീരത്തിന്റെ വണ്ണം കുറച്ച് സ്ലിം ആയി, മീശയും താടിയും കളഞ്ഞ്, കൂളിങ് ഗ്ലാസ് ധരിച്ചെത്തിയ താരത്തെ നോക്കി ഇത് ഞങ്ങളുടെ ലാലേട്ടനല്ല, ഞങ്ങളുടെ ലാലേട്ടന്‍ ഇങ്ങനെയല്ലെന്ന് പറഞ്ഞവര്‍ വരെയുണ്ട്. പുത്തന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലാല്‍ ശരീരത്തില്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ കുത്തിവെക്കുകയായിരുന്നുവെന്ന് വരെ ചിലയാളുകള്‍ പ്രചരിപ്പിച്ചു.

ഇതോടെ മോഹന്‍ലാലിന്റെ ലുക്ക് വിട്ട് ബോട്ടോക്‌സ് ഇഞ്ചക്ഷന് പിന്നാലെയായി സോഷ്യല്‍ മീഡിയ. ഈ അവസരത്തിലാണ് ബോട്ടോക്‌സ് ഇഞ്ചക്ഷനെ കുറിച്ച് വിശദീകരിച്ച് ഡോ.കുഞ്ഞാലിക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിപ്പ് പോസ്റ്റ് ചെയ്തത്.

ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എന്താണെന്നും അതിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചും കുത്തിവെയ്പ്പ് എടുക്കേണ്ട സാഹചര്യത്തെ കുറിച്ചും വിശദീകരിക്കുകയാണ് ഡോ. കുഞ്ഞാലിക്കുട്ടി തന്റെ പോസ്റ്റില്‍.
മോഹന്‍ലാല്‍ മുഖത്ത് ‘ബോട്ടോക്‌സ്’ ഇഞ്ചക്ഷന്‍ എടുത്തോ ഇല്ലയോ എന്നതാണല്ലോ സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ഹോട്ട് ടോപ്പിക്. മമ്മൂട്ടിയെപ്പറ്റിയും ആളുകള്‍ ഇങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട്. വേറെയും ബോളിവുഡ്/ഹോളിവുഡ് നടീ നടന്മാരെപ്പറ്റിയും ആളുകള്‍ ഇങ്ങനെ പറയാറുണ്ട്. എന്താണീ ‘ബോട്ടോക്‌സ്’ എന്നാലോചിച്ചിട്ടുണ്ടോ?

ക്‌ളോസ്ട്രീഡിയം ബോട്ടുലിനം (Clotsridium Botlinum) എന്ന ഒരു ബാക്ടീരിയ ഉണ്ടാക്കുന്ന ഒരു വിഷവസ്തു (Toxin) ആണ് ബോട്ടുലിനം ടോക്‌സിന്‍. മനുഷ്യന് അറിവുള്ളതില്‍ വെച്ചേറ്റവും അപകടകരമായ ഒരു പോയിസണ്‍. ടിന്നില്‍ അടച്ച ഭക്ഷണപദാര്‍ത്ഥങ്ങള്‍ വേണ്ടും വണ്ണം അണുവിമുക്തമാക്കാത്തത് മൂലം അവയില്‍ ഈ ബാക്ടീരിയ വളരാം. പണ്ടുകാലങ്ങളില്‍ നാവികരുടെയിടയില്‍ ധാരാളമായി ഇത് മൂലമുള്ള മരണങ്ങള്‍ സംഭവിക്കാറുമുണ്ടായിരുന്നു. വൃത്തിഹീനമായ രീതിയില്‍ ടിന്നില്‍ അടച്ച ഇറച്ചിയിലും മറ്റു ഭക്ഷണങ്ങളും വേണ്ടരീതിയില്‍ ശീതീകരണമില്ലാതെ വളരെയേറെ നാളുകള്‍ സൂക്ഷിക്കുന്ന രീതിയാണ് നാവികര്‍ക്ക് വിനയായത്. കടലില്‍ വെച്ച് ബോട്ടുലിസം വന്നാല്‍ മരണമല്ലാതെ വേറെ നിവൃത്തിയൊന്നുമിലായിരുന്നു.

എങ്ങനെയാണ് ഈ ടോക്‌സിന്‍ മനുഷ്യരെ കൊല്ലുന്നത്? നമ്മുടെ പേശികള്‍ പ്രവര്‍ത്തിക്കുന്നത് അവയിലേക്ക് തലച്ചോറില്‍ നിന്നും നാഡികളിലൂടെ സിഗ്‌നലുകള്‍ വരുമ്‌ബോഴാണെന്ന് എല്ലാവര്‍ക്കുമറിയാമല്ലോ. ഈ സിഗ്‌നലുകള്‍ ഒരു ഇലക്ട്രിക്കല്‍ കറന്റ് ആണ്. ഈ കറന്റ് നാഡിയില്‍ നിന്നും പേശികളിലേക്ക് പാസ് ചെയ്യാന്‍ വേണ്ടി നാഡീ പേശീ ജംഗ്ഷനില്‍ (neuro muscular junction) വെച്ച് നാഡികളുടെ അഗ്രഭാഗത്തുള്ള ചില കുമിളകളില്‍ (vescicles) ശേഖരിച്ചിരിക്കുന്ന അസറ്റയില്‍ കോളിന്‍ (acteyl choline) എന്നൊരു കെമിക്കല്‍ റിലീസ് ചെയ്യപ്പെടും. ഇത് പേശികളിലെ കോശഭിത്തികളില്‍ (Cell membrane) അയോണുകളുടെ ചാലകതയില്‍ (മൂവ്‌മെന്റില്‍) വരുത്തുന്ന വ്യത്യാസങ്ങള്‍ മൂലം ഒരു ഇലക്ട്രിക്കല്‍ കറന്റ് ഉണ്ടാകുന്നു, പേശികള്‍ സങ്കോചിക്കുന്നു, അഥവാ പ്രവര്‍ത്തിക്കുന്നു. ബോട്ടുലിനം ടോക്‌സിന്‍ നാഡികളുടെ അഗ്രഭാഗത്തുള്ള കുമിളകളില്‍ നിന്ന് അസറ്റൈല്‍ കോളിന്‍ റിലീസ് ചെയ്യപ്പെടുന്നത് തടയും. തന്മൂലം പേശികളിലേക്ക് സിഗ്‌നലുകള്‍ എത്താതിരിക്കുകയും അവ പ്രവര്‍ത്തിക്കാതെയുമാകുന്നു. മനുഷ്യന്റെ ജീവസന്ധാരണത്തിന് അവശ്യം വേണ്ടുന്ന പ്രവര്‍ത്തിയായ ശ്വാസോഛ്വാസം നടക്കാന്‍ നെഞ്ചിന്‍ കൂടിന് ചുറ്റുമുള്ള പേശികളും (intercostal muscles) വയറും നെഞ്ചും തമ്മില്‍ വേര്‍തിരിക്കുന്ന ഡയഫ്രം എന്ന പേശിയും സദാ പ്രവര്‍ത്തിക്കണം. ബോട്ടുലിസം ബാധിച്ച വ്യക്തികളില്‍ ശ്വാസോഛ്വാസം നടക്കാതാവുകയും അവര്‍ മരിക്കുകയും ചെയ്യുന്നു.

ഇന്നത്തെ കാലത്ത് ബോട്ടുലിസം വളരെ അപൂര്‍വ്വമാണ്. കര്‍ശനമായ ഫുഡ്‌സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡുകളും ഇനിയഥവാ ബോട്ടുലിസം പിടിപെട്ടാല്‍ തന്നെ വെന്റിലേറ്റര്‍ വഴി കൃത്രിമ ശ്വാസോഛ്വാസം കൊടുക്കാനുള്ള സൗകര്യങ്ങളും മൂലം മരണം ഉണ്ടാകുന്നത് വളരെ അപൂര്‍വ്വമാണ്. ടോക്‌സിനെ നിര്‍വീര്യമാക്കാന്‍ വേണ്ടിയുള്ള മരുന്നുകളൊന്നും ഇപ്പോഴും ലഭ്യമല്ല. ശരീരത്തിലുള്ള ടോക്‌സിന്‍ പതിയെപ്പതിയെ നിര്‍വ്വീര്യമാകുകയും രോഗിക്ക് ക്രമേണ ശ്വാസോഛ്വാസം ചെയ്യാനും ചലനശേഷി വീണ്ടെടുക്കാനും കഴിയുന്നത് വരെ സപ്പോര്‍ട്ടീവ് ട്രീറ്റ്‌മെന്റ് കൊടുക്കുക എന്നത് മാത്രമേ ചെയ്യാനുള്ളൂ.

ഈ ഭീകരവിഷത്തെ മെരുക്കിയെടുത്ത് മനുഷ്യരാശിയുടെ നന്മയ്ക്കായി ഉപയോഗിക്കാന്‍ കഴിഞ്ഞുവെന്നതാണ് ശാസ്ത്രത്തിന്റെ നേട്ടം. ഇന്ന് അനേകം രോഗചികിത്സകളില്‍ ബോട്ടുലിനം ടോക്‌സിന്‍ ഉപയോഗിക്കുന്നുണ്ട്. പ്രധാനമായും മൂന്ന് ബ്രാന്‍ഡുകളാണ് ഇന്റര്‍നാഷണല്‍ മാര്‍ക്കറ്റില്‍ ഇപ്പോഴുള്ളത്; Botox, Xeomin, Dysport എന്നിവയാണവ. ഏറ്റവും പോപ്പുലര്‍ Allergan കമ്ബനിയുടെ Botox ആണ്. ടെട്രാപാക്കില്‍ വരുന്ന എല്ലാ ഡ്രിങ്കിന്റെയും പേര് ‘ഫ്രൂട്ടി’ എന്നായത് പോലെ ബോട്ടുലിനം ടോക്‌സിന്റെ അപരനാമമായി ‘ബോട്ടോക്‌സ്’ മാറി!

തലച്ചോറിന്റെ പരിക്കുകളോ പക്ഷാഘാതമോ മൂലം കൈകാലുകള്‍ കോച്ചിപ്പിടിക്കുന്ന അവസ്ഥ (spastictiy), നാഡികളുടെ പ്രവര്‍ത്തനത്തിലുള്ള അപാകതകള്‍ മൂലം ഉണ്ടാകുന്ന ചില വേദനകള്‍ (ന്യൂറോപ്പതിക് പെയിന്‍), കോങ്കണ്ണ് (tsrabismus അല്ലെങ്കില്‍ squint), അമിതവിയര്‍പ്പ്, ചിലതരം മൈഗ്രെയ്ന്‍, ചില തരം രോഗങ്ങളുടെ ഫലമായി മൂത്രം അറിയാതെ പോകുക അല്ലെങ്കില്‍ എപ്പോഴും മൂത്രം ഒഴിക്കാനുള്ള ത്വരയുണ്ടാകുക, പാര്‍ക്കിന്‍സണ്‍ രോഗം പോലത്തെ അവസ്ഥകളില്‍ സദാ തുപ്പല്‍ ഒലിച്ചുകൊണ്ടിരിക്കുക (hypersalivation അല്ലെങ്കില്‍ sialorrhoea) എന്നിങ്ങനെ പല രോഗാവസ്ഥകളിലും സാധാരണയായി ഉപയോഗിക്കുന്നതാണ് ബോട്ടുലിനം ടോക്‌സിന്‍ കുത്തിവെയ്പ്പ്.

ഇത് കൂടാതെ മുഖത്തെ ചുളിവുകള്‍ മാറ്റി പ്രായം കുറവായി തോന്നിക്കാനും ആളുകള്‍ ഇത് ചെയ്യാറുണ്ട്. മുഖത്ത് ധാരാളം മാംസപേശികളുണ്ട്. ഈ മാംസപേശികളാണ് നമ്മെ ചിരിക്കാനും ഗോഷ്ടി കാണിക്കാനും കണ്ണടയ്ക്കാനും തുറക്കാനും ചുണ്ടുകള്‍ കൂര്‍പ്പിക്കാനും ഒക്കെ സഹായിക്കുന്നത്. പ്രായം ചെല്ലുന്തോറും ഈ മാംസപേശികളുടെ മുകളിലുള്ള ചര്‍മ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുന്നത് മൂലം ഈ പേശികള്‍ പ്രവര്‍ത്തിക്കുമ്‌ബോള്‍ ചര്‍മ്മത്തില്‍ ചുളിവുണ്ടാകുന്നു. ബോട്ടുലിനം ടോക്‌സിന്‍ ഈ പേശികളില്‍ കുത്തിവെച്ചാല്‍ അവ പ്രവര്‍ത്തിക്കാതാകുന്നത് മൂലം ചുളിവുകള്‍ കുറയുകയോ അപ്രത്യക്ഷമാകുകയോ ചെയ്യാം. പക്ഷേ ഈ കുത്തിവെപ്പുകള്‍ സ്ഥായിയായ ഫലം നല്‍കുന്നില്ല, കുറച്ചു മാസങ്ങള്‍ കഴിയുമ്‌ബോള്‍ വീണ്ടും ആവര്‍ത്തിക്കേണ്ടതായി വരും. കുറേ പ്രാവശ്യം ചെയ്തു കഴിയുമ്‌ബോള്‍, വ്യായാമമില്ലാത്ത ഏതു മാംസപേശിയും ചുരുങ്ങുന്നത് പോലെ ഇവയും ചുരുങ്ങും, അവസാനം ആളിന്റെ മുഖത്ത് ഒരു എക്‌സ്പ്രഷനും വരാത്ത സ്ഥിതിയാകും. പാടുപെട്ട് ശൃംഗാരരസം വരുത്തുമ്‌ബോള്‍ കാണുന്നവര്‍ക്ക് പശു ചാണകമിടുമ്‌ബോഴുള്ള ഭാവം ഓര്‍മ്മ വരും. പച്ചാളം ഭാസി പറഞ്ഞ പോലെ, സ്വന്തമായി ഗവേഷണം നടത്തി വികസിപ്പിച്ചെടുത്ത ഭാവങ്ങള്‍ ആവും പിന്നെ മുഖത്ത് വരിക.

കുറെ നാള്‍ മുന്നേ നാട്ടില്‍ നിന്നൊരു പഴയ സ്‌കൂള്‍മേറ്റ് വിളിച്ചിരുന്നു. ആളിന്റെ ഒരടുത്ത ബന്ധുവിന് കുറച്ചു നാള്‍ മുന്നേ സ്‌ട്രോക്ക് വന്ന് ഒരു വശം തളര്‍ന്നു പോയിരുന്നു. ഇപ്പോള്‍ അത് കുറച്ചൊക്കെ ശരിയായി വന്നെങ്കിലും കൈക്കൊരു കോച്ചിപ്പിടുത്തം, അത് മൂലം വേദനയും പലപ്പോഴും മടങ്ങിയ കൈ നിവര്‍ക്കാനൊക്കെ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യുന്നു. ഒരു ഡോക്ടറെ കാണിച്ചപ്പോള്‍ കയ്യില്‍ ബോട്ടോക്‌സ് ഇഞ്ചക്ഷന്‍ എടുക്കണമെന്ന് പറഞ്ഞത്രേ. അതിന്റെ വിലയൊക്കെ അറിഞ്ഞപ്പോള്‍ ആലോചിച്ചിട്ട് വരാമെന്ന് പറഞ്ഞിരിക്കയാണ്. ഇതെടുക്കുന്നത് കൊണ്ട് ഗുണം വല്ലതുമുണ്ടാകുമോ എന്ന സംശയത്തിലാണ് ആള്‍ വിളിച്ചത്.

സ്‌ട്രോക്ക് അല്ലെങ്കില്‍ എന്തെങ്കിലും ക്ഷതം മൂലം തലച്ചോറിന് പരിക്ക് പറ്റുമ്‌ബോള്‍ കൈകാലുകള്‍ കോടിപ്പോകുന്ന അവസ്ഥയെപ്പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ, അതാണ് ഈ കേസിലും ഉണ്ടായത്. ഇത് ചികില്‍സിക്കാതിരുന്നാല്‍ സന്ധികള്‍ ഉറച്ചു പോവുകയും സ്ഥിരമായി കൈകാലുകള്‍ മടങ്ങിപ്പോവുകയും ചെയ്യാം. പിന്നീട് എപ്പോഴെങ്കിലും കൈകാലുകള്‍ക്ക് പ്രവര്‍ത്തനശേഷി വീണ്ടുകിട്ടിയാലും സന്ധികള്‍ നിവരാത്തത് മൂലം രോഗിക്ക് ആ കൈ/കാല്‍ ഉപയോഗമില്ലാത്തതാകുന്നു. പ്രവര്‍ത്തനശേഷി തിരികെ കിട്ടാത്ത അവസ്ഥ ഉള്ളവരിലും കൈകാലുകള്‍ മടങ്ങിപ്പോകുന്നത് മൂലം ഇരിപ്പ്, കിടപ്പ്, വസ്ത്രം മാറല്‍ ഇവയൊക്കെ പ്രയാസകരമാകുന്നു. സന്ധികള്‍ ഉറച്ചു പോകുന്നതിനു മുന്നേയുള്ള സമയത് തന്നെ രോഗിക്ക് കോച്ചിപ്പിടുത്തമുള്ള മസിലുകളില്‍ ബോട്ടുലിനം ടോക്‌സിന്‍ ഇന്‍ജക്റ്റ് ചെയ്താല്‍ ഈ അവസ്ഥ ഉണ്ടാകുന്നതൊഴിവാക്കാം. പക്ഷേ ഇതൊരു ഒറ്റത്തവണ ചികിത്സയല്ല, ആറോ എട്ടോ മാസം കഴിയുമ്‌ബോള്‍ വീണ്ടും ഇഞ്ചക്ഷന്‍ എടുക്കേണ്ടി വരും. പണച്ചെലവുള്ള ചികിത്സയാണ്. അതിന് മുന്നിട്ടിറങ്ങുന്നതിന് മുന്നേ രോഗിയെയും വീട്ടുകാരെയും എന്തിനാണ് ഈ ചികിത്സ ചെയ്യുന്നതെന്ന് പറഞ്ഞു ബോധ്യപ്പെടുത്തണം. പലരും കരുതും, തളര്‍ന്നു പോയ അവയവം വീണ്ടും പ്രവര്‍ത്തിക്കാനാണ് ഇഞ്ചക്ഷന്‍ എന്ന്. കാര്യം പറഞ്ഞു മനസ്സിലാക്കിയില്ലെങ്കില്‍ അവസാനം ഡോക്ടര്‍ പറ്റിച്ചു കാശ് അടിച്ചുമാറ്റി എന്ന് കേള്‍ക്കേണ്ടി വരും!

അപ്പോള്‍ മോഹന്‍ലാല്‍ ബോട്ടോക്‌സ് എടുത്തോ ഇല്ലയോ? ചര്‍ച്ചകള്‍ തുടരട്ടെ!