ഹിന്ദു കുട്ടികള്‍ ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കരുതെന്ന് സംഘപരിവാറിന്റെ മുന്നറിയിപ്പ്

single-img
19 December 2017

രാജ്യത്ത് വര്‍ഗീയ വിഷം ചീറ്റി സംഘപരിവാര്‍ സംഘടനകള്‍ വീണ്ടും രംഗത്ത്. ക്രിസ്മസ് ആഘോഷങ്ങളില്‍ ഹിന്ദു കുട്ടികളെ പങ്കെടുപ്പിക്കരുതെന്നാണ് സംഘപരിവാര്‍ സംഘടനായായ ഹിന്ദു ജാഗരണ്‍ മഞ്ചിന്റെ മുന്നറിയിപ്പ്. ഉത്തര്‍പ്രദേശിലെ സ്വകാര്യ സ്‌കൂളുകള്‍ക്കാണ് മുന്നറിയിപ്പ് നല്‍കിയത്.

ക്രിസ്മസ് ആഘോഷങ്ങള്‍ക്കായി കുട്ടികളില്‍ നിന്ന് പണം പിരിക്കരുതെന്നും ആഘോഷങ്ങളില്‍ പങ്കെടുപ്പിക്കരുതെന്നും ഇവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്രിസ്ത്യന്‍ മതം പ്രചരിപ്പിക്കുന്നത് തടയുന്നതിനാണ് മുന്നറിയിപ്പെന്നും സംഘടന വിശദീകരിക്കുന്നു.

മുന്നറിയിപ്പ് അവഗണിച്ചാല്‍ അനുഭവിക്കേണ്ടിവരുമെന്നും ഹിന്ദു ജാഗരണ്‍ പ്രവര്‍ത്തകര്‍ ഭീഷണിക്കത്തിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ജില്ലാ യൂണിറ്റുകളോട് ഇങ്ങനെ പരിപാടികള്‍ നടത്തുന്ന സ്‌ക്കൂളുകളുടെ കണക്ക് തയ്യാറാക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹിന്ദു ജാഗരണ്‍ മഞ്ച് സംസ്ഥാന അധ്യക്ഷന്‍ വിജയ് ബഹദൂര്‍ വ്യക്തമാക്കി.

സ്‌കൂളുകളിലെ ഭൂരിഭാഗം കുട്ടികളും ഹിന്ദുക്കളാണെന്നും ഇവരില്‍ നിന്ന് പണം പിരിച്ച് മാനേജ്‌മെന്റ് കൊള്ള ലാഭം ഉണ്ടാക്കുകയാണെന്നും വിജയ് ബഹദൂര്‍ ആരോപിച്ചു. അതേസമയം ഇത്തരത്തിലുള്ള ഭീഷണി ഉള്ളതായി തങ്ങള്‍ക്ക് അറിയില്ലെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതികരിച്ചു.