എറണാകുളത്തെ കവര്‍ച്ചക്ക് പിന്നില്‍ ചൗഹാന്‍ ഗ്യാങ്; കള്ളന്മാരെ പിടിക്കാന്‍ കേരള പോലീസ് പൂനെയില്‍

single-img
19 December 2017

എറണാകുളത്തെ കവര്‍ച്ചക്ക് പിന്നിലെ സംഘത്തെ തേടി കേരള പോലീസ് മഹാരാഷ്ട്രയിലെത്തി. അഞ്ച് എസ്‌ഐമാരടങ്ങുന്ന സംഘമാണ് മഹാരാഷ്ട്ര പോലീസിന്റെ സഹായത്തോടെ ഇവിടെ അന്വേഷണം നടത്തുന്നത്. ഇതിനൊപ്പം മോഷണ സംഘത്തിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തിരച്ചില്‍ പുരോഗമിക്കുകയാണ്.

ലോഡ്ജുകളിലും റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും പോലീസ് പരിശോധന തുടരുന്നുണ്ട്. സംഘം കേരളം വിട്ടിട്ടില്ല എന്ന സംശയവും പോലീസിനുണ്ട്. ഒരു മൊബൈല്‍ ഫോണ്‍ മാത്രമാണ് സംഘം ഉപയോഗിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ആ നമ്പര്‍ തിരിച്ചറിഞ്ഞ് പ്രതികളിലേക്ക് എത്താന്‍ സൈബര്‍ വിഭാഗവും സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്. പൂനെ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കുപ്രസിദ്ധമായ ചൗഹാന്‍ ഗ്യാങ്ങാണ് കവര്‍ച്ചക്ക് പിന്നില്‍ എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

2009 ല്‍ ഇതേ സംഘം തിരുവനന്തപുരത്തും സമീപ പ്രദേശങ്ങളിലും സമാന രീതിയില്‍ കവര്‍ച്ച നടത്തിയിരുന്നു. കവര്‍ച്ചാ രീതിയും, കവര്‍ച്ചാ സംഘത്തിന്റെ ദൃശ്യങ്ങളും പോലീസ് വിശകലനം ചെയ്തതിനെത്തുടര്‍ന്നാണ് അന്വേഷണം പൂനെ കേന്ദ്രമായ ചൗഹാന്‍ ഗ്യാങ്ങിലേക്ക് എത്തിയത്.

തൃപ്പൂണിത്തുറയ്ക്കടുത്ത് ഏരൂരിലും, പുല്ലേപ്പടിയിലുമായി അടുത്തടുത്ത ദിവസങ്ങളില്‍ രണ്ടു കവര്‍ച്ചകള്‍ നടന്ന പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയത്. വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷണ സംഘത്തിന്റേതെന്ന് കരുതുന്ന ദൃശ്യങ്ങള്‍ ലഭിച്ചിരുന്നു.

ഈ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കവര്‍ച്ചയ്ക്ക് പിന്നില്‍ ഉത്തരേന്ത്യന്‍ സംഘമാണെന്ന നിഗമനത്തില്‍ പോലീസെത്തിയത്. മാത്രവുമല്ല സംഘം ഹിന്ദിയിലാണ് സംസാരിച്ചതെന്ന് കവര്‍ച്ചക്കിരയായവര്‍ മൊഴി നല്‍കിയിരുന്നു.