പ്രധാനമന്ത്രിയുടെ പൂന്തുറ സന്ദര്‍ശനത്തില്‍ നിന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന്‍ പുറത്ത്

single-img
19 December 2017

ഓഖി ദുരിതബാധിതരെ സന്ദര്‍ശിക്കാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പൂന്തുറ സന്ദര്‍ശനത്തില്‍ നിന്ന് ദുരന്തനിവാരണത്തിന്റെ ചുമതലയുള്ള റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരനെ ഒഴിവാക്കി.

പ്രധാനമന്ത്രിക്കൊപ്പം ഫിഷറീസ് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മയും ടൂറിസംമന്ത്രി കടകംപള്ളി സുരേന്ദ്രനും ഉണ്ടാകും. പ്രധാനമന്ത്രിയെ തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വീകരിക്കുന്നവരുടെ പട്ടികയിലും റവന്യൂമന്ത്രിയില്ല.

പൊതുഭരണ വകുപ്പ് സെക്രട്ടറി തയ്യാറാക്കിയപട്ടിക മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകരിച്ചശേഷമാണ്, പ്രധാനമന്ത്രിയുടെ ഓഫീസിനും സുരക്ഷാ ഏജന്‍സികള്‍കും നല്‍കുക. തൈക്കാട് ഗസ്റ്റ് ഹൗസില്‍വെച്ച് പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും മന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയിലേക്ക് ഇ.ചന്ദ്രശേഖരനെ ക്ഷണിച്ചിട്ടുണ്ട്.

അതേസമയം 4.15നു തിരുവനന്തപുരത്തു എത്തുന്ന പ്രധാനമന്ത്രി 4.20നു റോഡുമാര്‍ഗം പൂന്തുറയിലേക്കു തിരിക്കും. പൂന്തുറ സെന്റ്ത തോമസ് സ്‌കൂളില്‍ 4.40 മുതല്‍ അഞ്ചുവരെ ഓഖി ദുരിതബാധിതരെ കാണും. പൂന്തുറയില്‍നിന്ന് 5.05നു തിരിക്കുന്ന പ്രധാനമന്ത്രി റോഡ് മാര്‍ഗം 5.30ന് തൈക്കാട് ഗവ. ഗസ്റ്റ് ഹൗസിലെത്തും. അഞ്ചര മുതല്‍ ആറേകാല്‍ വരെ ഓഖി ദുരന്തത്തിന്റെ പ്രത്യാഘാതങ്ങളും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും വിലയിരുത്തുന്ന യോഗത്തില്‍ സംബന്ധിക്കും.

6.35ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തി 6.40നു വ്യോമസേനയുടെ വിമാനത്തില്‍ ഡല്‍ഹിക്കു മടങ്ങും. ദുരന്തത്തിന്റെ വ്യാപ്തി അവതരിപ്പിക്കാന്‍ ദൃശ്യാവതരണം അടക്കമുള്ള കാര്യങ്ങളാണ് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കുന്നത്. കേന്ദ്രസഹായം അടിയന്തരമായി ലഭ്യമാക്കണമെന്ന ആവശ്യവും സംസ്ഥാനം മുന്നോട്ട് വയ്ക്കുന്നുണ്ട്.

പ്രധാനമന്ത്രിയുടെ വരവിന് മുന്നോടിയായി കര്‍ശന സുരക്ഷാ സംവിധാനമാണ് തലസ്ഥാനത്തൊരുക്കിയിട്ടുള്ളത്. അതേസമയം 3500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് ലത്തീന്‍ രൂപത അറിയിച്ചു. ദേശീയ തലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകണമെന്നും ലത്തീന്‍ അതിരൂപത അറിയിച്ചു. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് കര്‍ശന സുരക്ഷയാണൊരുക്കിയിരിക്കുന്നത്.