കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു

single-img
19 December 2017

പേരാവൂര്‍: കണ്ണൂരില്‍ സി.പി.എം പഞ്ചായത്തംഗം രാജിവച്ച് മുസ്ലീം ലീഗില്‍ ചേര്‍ന്നു. സി.പി.എം അംഗവും ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ പൂക്കോത്ത് സിറാജാണ് പഞ്ചായത്തംഗത്വം രാജിവച്ചത്. നിലവില്‍ സി.പി.എം പേരാവൂര്‍ ലോക്കല്‍ കമ്മിറ്റിയംഗവും ഡി.വൈ.എഫ്.ഐ പേരാവൂര്‍ ബ്ലോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റുമാണ്.

സിറാജ് ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കുകയായിരുന്നു. പഞ്ചായാത്ത് ഭരണസമിതിയിലെ ചിലരും ഡി.വൈ.എഫ്.ഐ നേതാക്കളില്‍ ചിലരും ചേര്‍ന്ന് ഏറെക്കാലമായി മാനസികമായി പീഡിപ്പിക്കുകയാണെന്ന് സിറാജ് പറഞ്ഞു.

മതന്യൂനപക്ഷങ്ങളോട് സി.പി.എം. തുടരുന്ന വഞ്ചനാപരമായ നിലപാടില്‍ പ്രതിഷേധിച്ചാണ് പാര്‍ട്ടി വിട്ട് ലീഗില്‍ ചേര്‍ന്നതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ലീഗിന്റെ കുത്തക സീറ്റായിരുന്ന പേരാവൂര്‍ ടൗണ്‍ വാര്‍ഡ് ആദ്യമായാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ സിറാജിലൂടെ സി.പി.എം. പിടിച്ചെടുത്തത്.

അംഗത്വം രാജിവെച്ച സിറാജ് ലീഗിന്റെ സ്ഥാനാര്‍ഥിയായി വീണ്ടും പേരാവൂര്‍ ടൗണ്‍ വാര്‍ഡില്‍ മത്സരിക്കുമെന്നാണ് സൂചനകള്‍. യൂത്ത് ലീഗില്‍ ജില്ലാ ഭാരവാഹി സ്ഥാനവും സിറാജിന് ലഭിച്ചേക്കുമെന്നാണറിയുന്നത്. ലീഗ് ജില്ലാ കമ്മിറ്റി നാളെ കണ്ണൂരില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ കെ.പി.എ.മജീദില്‍ നിന്ന് ലീഗ് അംഗത്വം സിറാജ് സ്വീകരിക്കും.