കാന്‍സര്‍ രോഗത്തെ ക്ഷണിച്ചു വരുത്തുന്ന ആഹാര സാധനങ്ങള്‍ ഇവയൊക്കെയാണ്

single-img
19 December 2017

കാന്‍സര്‍ എന്ന മഹാമാരി നമ്മളെ ഇത്രയധികം കീഴ്‌പ്പെടുത്താന്‍ തുടങ്ങിയിട്ട് അധികനാളായിട്ടില്ല. നമ്മുടെ ജീവിതരീതി തന്നെയാണ് ഇവിടെ പ്രധാന വില്ലന്‍. ആഹാരവും കാന്‍സറും തമ്മില്‍ ബന്ധമുണ്ടെന്ന് ഏറെ പഠനങ്ങള്‍ തെളിയിച്ചു കഴിഞ്ഞതാണ്.

എല്ലാ ഭക്ഷണപദാര്‍ഥങ്ങളും കാന്‍സര്‍ വരുത്തുന്നുവെന്നല്ല ഇതിനര്‍ഥം. ചില ഭക്ഷണങ്ങള്‍ക്കു മാത്രമേ കാന്‍സറുമായി ദൃഢബന്ധമുള്ളു. അവ ദിവസവും കൂടിയ അളവില്‍ കഴിക്കുന്നത് രോഗസാധ്യത വര്‍ധിപ്പിക്കും. മാട്ടിറച്ചിയും ആട്ടിറച്ചിയും പോലുള്ള ചുവന്ന മാംസം, സംസ്‌കരിച്ച മാംസം, കൊഴുപ്പോ പഞ്ചസാരയോ കൂടുതല്‍ അടങ്ങിയ ഭക്ഷണങ്ങള്‍, കൂടിയ അളവിലുള്ള ഉപ്പിന്റെ ഉപയോഗം എന്നിവ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കും.

മാംസത്തിലുള്ള പ്രധാന പ്രോട്ടീന്‍ മയോഗ്ലോബിന്‍ ആണ്. ഇതിലുള്ള ഹീം അയേണ്‍ ആണ് മാംസത്തിനു ചുവന്ന നിറം നല്‍കുന്നത്. ഹീം അയേണ്‍ കുടലിലെ കോശങ്ങളെ നശിപ്പിക്കുകയും കാന്‍സര്‍ജന്യ പദാര്‍ഥമായ നൈട്രോസാമിന്‍സിന്റെ ഉല്‍പാദനത്തിനു കാരണമാകുകയും ചെയ്യുന്നു.

ചുവന്ന മാംസം ഉയര്‍ന്ന താപനിലയില്‍ പാകം ചെയ്യുമ്പോള്‍ ഹൈഡ്രോസൈക്ലിക് അരോമാറ്റിക് അമിന്‍ എന്ന രാസവസ്തുക്കളും ചൂടാക്കുമ്പോള്‍ ഹൈഡ്രോസൈക്ലിക് അമിന്‍സും(HCA) പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണ്‍സും(PAH) ഉണ്ടാകുന്നു.

ചൂടാകുമ്പോള്‍ മാംസത്തിലെ കൊഴുപ്പ് തീയിലിലേക്കു വീണ് തീജ്വാലയിലെ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകള്‍ മാംസത്തില്‍ ഒട്ടിപ്പിടിക്കുന്നു. ഇത് ആമാശയം, വന്‍കുടല്‍ എന്നിവിടങ്ങളിലെ കാന്‍സറിനു കാരണമാകുന്നുണ്ട്. ഇതുപോലെ ദോഷകരമാണ് പുകയില്‍ ഉണക്കി സൂക്ഷിക്കുന്ന മാംസങ്ങളും.

ഒരിക്കല്‍ ഉപയോഗിച്ച എണ്ണ വീണ്ടും ചൂടാക്കി ഉപയോഗിക്കുന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്. എണ്ണ വീണ്ടും ചൂടാകുമ്പോള്‍ പോളിസൈക്ലിക് അരോമാറ്റിക് ഹൈഡ്രോകാര്‍ബണുകളും ഹൈഡ്രോസൈക്ലിക് അമിനുകളും ഉണ്ടാകുന്നു. അന്നനാളം, വായ, കരള്‍, സ്തനം, വന്‍കുടല്‍ എന്നിവിടങ്ങളിലെ അര്‍ബുദത്തിനു പ്രധാന കാരണക്കാരന്‍ മദ്യമാണ്.

ഉപ്പിലിട്ടു സൂക്ഷിക്കുന്ന ഭക്ഷണപദാര്‍ഥങ്ങളുടെ അമിതോപയോഗം ആമാശയ കാന്‍സറിനു കാരണമാകും. ഉപ്പ് ആമാശയത്തിലെ ശ്ലേഷ്മസ്തരത്തിനു നാശമുണ്ടാക്കുകയും ഇത് കാന്‍സറിലേക്കു നയിക്കുകയും ചെയ്യും. ഉപ്പ് കൂടുതലുള്ള ആഹാരം ഹെലിക്കോബാക്ടര്‍ പൈലോറി എന്ന അണുബാധയ്ക്കു കാരണമാകുന്നു. ആമാശയ കാന്‍സറിന്റെ പ്രധാന കാരണം ഹെലിക്കോബാക്ടര്‍ പൈലോറി ബാക്ടീരിയയാണ്.

ഇനി പച്ചക്കറികള്‍ മാത്രം കഴിച്ചു ജീവിക്കാമെന്നു വച്ചാലോ, കീടനാശിനികള്‍ ചേര്‍ക്കാത്തവ കിട്ടുന്നതുതന്നെ വളരെ ചുരുക്കം. കീടനാശിനികളും കളനാശിനികളും ആരോഗ്യത്തിനു ഹാനികരമാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠനങ്ങള്‍ പറയുന്നു. ഓര്‍ഗാനോ ക്ലോറിന്‍, ഓര്‍ഗാനോഫോസ്‌ഫേറ്റ് എന്നീ രണ്ടുവിഭാഗത്തിലുള്ള കീടനാശിനികള്‍ സ്തനാര്‍ബുദം, വൃക്കയിലെ കാന്‍സര്‍, ലിംഫോമ, തൈറോയ്ഡ് കാന്‍സര്‍ എന്നിവയ്ക്കു കാരണമാകും.

മാത്രമല്ല, കീടനാശിനികളുടെ സ്ഥിരമായ ഉപയോഗം അല്‍ഷിമേഴ്‌സ്, ഡിമന്‍ഷ്യ, പാര്‍ക്കിന്‍സണ്‍സ്, വന്ധ്യത, ജനനവൈകല്യങ്ങള്‍ എന്നിവയുമുണ്ടാക്കുന്നുണ്ട്. രോഗങ്ങളില്ലാത്ത ഒരു ശരീരമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നതെങ്കില്‍ ഭക്ഷണകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തിയേ മതിയാകൂ.

കടപ്പാട്: മനോരമ