വോട്ടെണ്ണൽ തുടങ്ങി: എല്ലാ കണ്ണുകളും ഗുജറാത്തിലേക്ക്

single-img
18 December 2017

ഇന്ത്യ ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പ് ഫലമറിയാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. എട്ട് മണിയോടെ വോട്ടെണ്ണെല്‍ ആരംഭിച്ചു. പത്തോടെ ആദ്യഫല സൂചനകൾ ലഭ്യമാകും. ഗുജറാത്തിലെ 182 നിയമസഭാ മണ്ഡലങ്ങളിലേക്ക് 37 കേന്ദ്രങ്ങളിലാണു വോട്ടെണ്ണൽ. ഗുജറാത്തിൽ കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകൾ വേണം.

സംസ്ഥാനത്തു നടത്തിയ ഒൻപത് എക്‌സിറ്റ് പോൾ ഫലങ്ങൾ ബിജെപിക്കു വിജയം പ്രവചിക്കുന്നു. ഹിമാചലിൽ 68 സീറ്റുകളിലേക്കാണു തിരഞ്ഞെടുപ്പു നടന്നത്. ഇവിടെയും ബിജെപി അധികാരം പിടിച്ചെടുക്കുമെന്നാണ് എക്‌സിറ്റ് പോൾ നൽകുന്ന സൂചന.

ഗുജറാത്തില്‍ ഡിസംബര്‍ ഒന്‍പതിനും 14-നും രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പില്‍ 68.41 ശതമാനം പേര്‍ വോട്ടുചെയ്തു. അതായത് 4.35 കോടി വോട്ടര്‍മാരില്‍ 2.97 കോടി പേര്‍ വോട്ടു ചെയ്തു. 2012-ലെ നിയമസഭാ തിരഞ്ഞെടുപ്പിനെക്കാള്‍ മൂന്നു ശതമാനം കുറവാണിത്. പക്ഷേ, വോട്ടര്‍മാരുടെ എണ്ണം കൂടിയതിനാല്‍ 25 ലക്ഷത്തോളം വോട്ടുകള്‍ ഇത്തവണ അധികമുണ്ട്.

ഗുജറാത്തില്‍ ഭരണം നിലനിര്‍ത്താന്‍ ബിജെപിയും ഭരണം പിടിച്ചെടുത്ത് രാഹുലിന്റെ അധ്യക്ഷപദവിക്ക് അലങ്കാരമാക്കാന്‍ കോണ്‍ഗ്രസും അവസാന നിമിഷവും ശ്രമിച്ചിരുന്നു. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ബിജെപിക്ക് ഗുജറാത്ത് വിജയം അനിവാര്യമാണ്. ആറ് തവണ തുടര്‍ച്ചയായി ബിജെപി ജയിച്ചുനില്‍ക്കുന്ന ഗുജറാത്തിന്റെ വിജയം നരേന്ദ്രമോദിയുടെ അഭിമാന പോരാട്ടമാണ്.

ഹിമാചല്‍ പ്രദേശില്‍ തുടര്‍ച്ചയായി ഒരു ഭരണമുണ്ടായിരുന്നില്ല. കോണ്‍ഗ്രസും ബിജെപിയും മാറിമാറി അധികാരം പങ്കിടുന്ന സ്ഥിതിവിശേഷമാണ് ഹിമാചലില്‍ ഇതുവരെയുണ്ടായിരുന്നത്.

2012-ലെ സീറ്റ് നില ആകെ-182 ബി.ജെ.പി.-115, കോണ്‍ഗ്രസ്-61, ജി.പി.പി.-2, എന്‍.സി.പി.-2, ജെ.ഡി.യു.-1, സ്വത-1 (ഉപതിരഞ്ഞെടുപ്പുകളും കൂറുമാറ്റങ്ങളും മൂലം അവസാനഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ അംഗബലം 43 ആയി ചുരുങ്ങിയിരുന്നു)

ഹിമാചല്‍ പ്രദേശ് 2012-ലെ സീറ്റ് നില ആകെ-68 കോണ്‍ഗ്രസ്-36, ബി.ജെ.പി.-26, ഹിമാചല്‍ ലോക്ഹിത് പാര്‍ട്ടി-1, സ്വതന്ത്രര്‍-5 (നിലവില്‍ കോണ്‍ഗ്രസിന് അംഗബലം കുറഞ്ഞ്-35, ബി.ജെ.പി.-28)