യുഎഇയില്‍ പെരുമഴ; താഴ്ന്ന മേഖലകള്‍ വെള്ളത്തിനടിയില്‍; ചിലയിടങ്ങളില്‍ ഗതാഗതം തടസ്സപ്പെട്ടു

single-img
18 December 2017

യുഎഇയില്‍ ഇന്നലെ പെരുമഴ. വാദികള്‍ നിറഞ്ഞൊഴുകി. പലമേഖലകളിലും വൈദ്യുതി മുടങ്ങി. ദുബായ്, അല്‍ഐന്‍, ഷാര്‍ജ, ഫുജൈറ, റാസല്‍ഖൈമ എന്നിവിടങ്ങളില്‍ മഴ ശക്തമായിരുന്നു. ഫുജൈറയിലായിരുന്നു മഴ ഏറ്റവും ശക്തം. താഴ്ന്ന മേഖലകളില്‍ വെള്ളം കയറി.

ഫുജൈറയിലും കല്‍ബയിലും പാര്‍ക്കിങ്ങുകളില്‍ വെള്ളം നിറഞ്ഞു ചെറിയ വാഹനങ്ങള്‍ ഒഴുകിനടന്നു. പല വ്യാപാരസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം മുടങ്ങി. റോഡുകള്‍ ഏറെക്കുറെ വിജനമായി. വടക്കന്‍ എമിറേറ്റുകളില്‍ ശക്തമായ കാറ്റുവീശുന്നുണ്ട്.

കടല്‍ പ്രക്ഷുബ്ധമാണ്. ശക്തമായ മഴയില്‍ ദൂരക്കാഴ്ച കുറഞ്ഞതുമൂലം പല വാഹനങ്ങളും റോഡരികില്‍ നിര്‍ത്തിയിടേണ്ടിവന്നു.
അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ പൊലീസും സിവില്‍ഡിഫന്‍സും മുന്‍കരുതല്‍ നടപടികള്‍ ഊര്‍ജിതമാക്കി. ഗതാഗതക്കുരുക്കും വെള്ളക്കെട്ടും മറ്റു പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഹരിക്കാന്‍ നഗരസഭാ കാര്യാലയങ്ങളും ട്രാന്‍സ്‌പോര്‍ട് അതോറിറ്റിയും സംയുക്തമായാണു നടപടികള്‍ സ്വീകരിക്കുന്നത്.

വെള്ളക്കെട്ടു നീക്കാനുള്ള നടപടികള്‍ ഊര്‍ജിതമായി തുടരുകയാണ്. ഒമാനിലും ശക്തമായ മഴയുണ്ടായി. ഖത്തര്‍, ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമാണ്. താപനില താഴ്ന്നു. ഗള്‍ഫ് മേഖലയില്‍ ഇന്നു പൊതുവെ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കും.