സൗദിയില്‍ കുറഞ്ഞ ശമ്പളമുള്ള പ്രവാസികളെ ദുരിതത്തിലാക്കി പുതിയ തീരുമാനം: നിരവധി പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങേണ്ടി വരും

single-img
18 December 2017

സൗദിയില്‍ വിദേശികള്‍ക്കും ആശ്രിതര്‍ക്കും ഏര്‍പ്പെടുത്തിയ ലെവി പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ തള്ളി ധനകാര്യ മന്ത്രാലയം. നേരത്തെ പ്രഖ്യാപിച്ച തീരുമാനം നടപ്പാക്കുന്നതില്‍ നിന്ന് പിറകോട്ടില്ലെന്ന് മന്ത്രാലയം അറിയിച്ചു. സ്വദേശികള്‍ കുറവുള്ള സ്വകാര്യസ്ഥാപനങ്ങളിലെ വിദേശികള്‍ക്ക് ഓരോ മാസവും ഈടാക്കുന്ന ലെവി അടുത്ത മാസം ഇരട്ടിക്കും.

നിലവിലുള്ള 200 റിയാലിന് പകരം നാന്നൂറ് റിയാലാണ് അടക്കേണ്ടത്. ഇഖാമ പുതുക്കുന്ന സമയത്ത് ഒരു വര്‍ഷത്തേക്കുള്ള തുകയായ 4800റിയാല്‍ ഒന്നിച്ചടക്കണം. 2019ഓടെ ഇത് 600 റിയാലാകും. 2020ല്‍ 800ഉം. ഭൂരിഭാഗം കമ്പനികളും തൊഴിലാളികളില്‍ നിന്നാണ് ഈ തുക ഈടാക്കുന്നത്.

കുറഞ്ഞ ശമ്പളമുള്ളവര്‍ക്ക് ഇതോടെ നാട്ടിലേക്കുള്ള വഴി തേടേണ്ട അവസ്ഥയാകും. വിദേശികളേക്കാള്‍ സൗദികള്‍ കൂടുതലുള്ള സ്ഥാപനങ്ങളും ലെവി അടക്കണം. ഇവര്‍ക്ക് പക്ഷേ നൂറ് റിയാല്‍ ഇളവുണ്ട്. അതായത് ജനുവരിയില്‍ 300 റിയാല്‍ അടക്കണമെന്ന് ചുരുക്കം.

സ്വദേശിവത്കരണം ഊര്‍ജ്ജിതമാക്കല്‍ ലക്ഷ്യമാക്കി നടപ്പാക്കിയ ലവി മാസാന്തമാണ് കണക്കാക്കുന്നത്. പക്ഷേ 12 മാസത്തേക്കുള്ള സംഖ്യ ഒന്നിച്ച് മുന്‍കൂറായി അടക്കണം. 2018ലെ ബജറ്റില്‍ മുഖ്യവരുമാന ഇനമായിരിക്കും വിദേശികളുടെ ലെവി എന്ന് ധനകാര്യ മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.