ദുഷ്ടശക്തികൾക്കെതിരായി ഹിന്ദുക്കൾ ഒരുമിക്കണം: ആർ എസ് എസ് തലവൻ മോഹൻ ഭഗവത്

single-img
18 December 2017

ദുഷ്ട്ശക്തികൾക്കെതിരായി ഹിന്ദുക്കൾ ഒരുമിക്കണമെന്ന് ആർ എസ് എസ് സർ സംഘചാലക് മോഹൻ ഭഗവത്. ത്രിപുരയുടെ തലസ്ഥാനമായ അഗർത്തലയിൽ ഒരു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ഭഗവത്.

ആർ എസ് എസ് ഒരു രാഷ്ട്രീയ പാർട്ടിയുടേയും മുന്നണിയിലല്ലെന്നു പറഞ്ഞ ഭഗവത്, രാജ്യത്തെ എല്ലാ പൌരന്മാരുടേയും അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും അക്രമങ്ങൾ അവസാനിപ്പിക്കുകയുമാണു തങ്ങളുടെ ദൌത്യമെന്നും പ്രഖ്യാപിച്ചു.

“ഞങ്ങൾ മറ്റുള്ള മതങ്ങളെ ശല്യപ്പെടുത്താതെ ഹിന്ദുമതത്തിനുവേണ്ടി പ്രവർത്തിച്ചുവരികയാണു. മാതൃരാജ്യത്തെ കാത്തുരക്ഷിക്കാൻ തുടർച്ചയായ ഉപാസന ആവശ്യമാണു. ഇന്ത്യൻ സംസ്കാരം അടിസ്ഥാനപരമായി ഹൈന്ദവമാണു.” മോഹൻ ഭഗവത് പറഞ്ഞു. അഗർത്തലയിലെ സ്വാമി വിവേകാനന്ദ സ്റ്റേഡിയത്തിൽ നിരവധി ഹിന്ദു സംഘടനാ നേതാക്കളും പ്രവർത്തകരും തടിച്ചുകൂടിയിരുന്നു.

ഉടൻ തെരെഞ്ഞെടുപ്പ് നടക്കാൻ പോകുന്ന ത്രിപുരയിൽ അഞ്ചുദിവസത്തെ സന്ദർശനത്തിനായാണു മോഹൻ ഭഗവത് എത്തിയത്. ത്രിപുര, മേഘാലയ, നാഗലാൻഡ് എന്നീ വടക്കുകിഴക്കൻ സംസ്ഥാനങ്ങലിലെ മതനേതാക്കളുമായി മോഹൻ ഭഗവത് ചർച്ചകൾ നടത്തുന്നുണ്ടെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.