റാങ്കിങ്ങില്‍ കോഹ്‌ലി തന്നെ ഒന്നാമത്: ഡബിള്‍ സെഞ്ചുറി മികവില്‍ രോഹിതും കുതിച്ചു കയറി

single-img
18 December 2017

ഐസിസി ഏകദിന ക്രിക്കറ്റ് റാങ്കിങ്ങില്‍ ബാറ്റ്‌സ്മാന്മാരുടെ പട്ടികയില്‍ വിരാട് കോഹ്‌ലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. 876 പോയിന്റുമായാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ പട്ടികയില്‍ ഒന്നാമത് നില്‍ക്കുന്നത്. ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സാണ് രണ്ടാം സ്ഥാനത്ത്.

ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ മൂന്നാമതെത്തിയപ്പോള്‍ പാകിസ്താന്‍ താരം ബാബര്‍ അസമാണ് നാലാം റാങ്കില്‍. ശ്രീലങ്കക്കെതിരായ ഡബിള്‍ സെഞ്ചുറി പ്രകടനത്തിന്റെ മികവില്‍ കരിയറിലെ ഏറ്റവും മികച്ച റാങ്കിങ്ങായ അഞ്ചാം സ്ഥാനത്തേക്ക് രോഹിത് ശര്‍മ്മ കുതിച്ചെത്തി.

ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ മൂന്ന് മത്സരങ്ങളില്‍ നിന്നും 168 റണ്‍ നേടിയ ശിഖര്‍ ധവാന്‍ പട്ടികയില്‍ പതിനാലാം റാങ്കിലെത്തി. ബൗളര്‍മാരുടെ പട്ടികയില്‍ പാക് പേസര്‍ ഹസന്‍ അലിയാണ് ഒന്നാം റാങ്കില്‍. ദക്ഷിണാഫ്രിക്കന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിര്‍ രണ്ടാമതും ഇന്ത്യയുടെ പുത്തന്‍ താരോദയം ജസ്പ്രീത് ബുംറ മൂന്നാം റാങ്കിലുമാണ്.

ബുംറ മാത്രമാണ് ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തിലിടം കണ്ടെത്തിയ ഏക ഇന്ത്യക്കാരന്‍. ഇന്ത്യയുടെ സ്പിന്നിംങ് ജോഡി യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും റാങ്കിംങില്‍ മുന്നേറ്റം നടത്തിയിട്ടുണ്ട്. ചാഹല്‍ 23 സ്ഥാനം മുന്നേറി 28ലെത്തിയപ്പോള്‍ കുല്‍ദീപ് 16 സ്ഥാനം മുന്നേറി 56ലെത്തി.

ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ കരിയറിലെ ഏറ്റവും മികച്ച റാങ്കായ 45ലേക്കും എത്തിയിട്ടുണ്ട്. ഏകദിന ഓള്‍ റൗണ്ടര്‍മാരുടെ പട്ടികയില്‍ പാണ്ഡ്യ പതിമൂന്നാം സ്ഥാനത്താണ്.