രാഹുലിന്റെ മുന്നില്‍ പാളിയത് അമിത് ഷായുടെ തന്ത്രങ്ങള്‍: കോണ്‍ഗ്രസിന്റെ അപ്രതീക്ഷിത മുന്നേറ്റത്തില്‍ ബി.ജെ.പി ആശങ്കയില്‍

single-img
18 December 2017

അഹമ്മദാബാദ്: തിരഞ്ഞെടുപ്പില്‍ ആറാം തവണയും ഭരണം ഉറപ്പിക്കാന്‍ കഴിഞ്ഞെങ്കിലും കോണ്‍ഗ്രസ് കാഴ്ച വച്ച അപ്രതീക്ഷിത മുന്നേറ്റത്തിന്റെ ആശങ്കയിലാണ് ബി.ജെ.പി. ഇതു സംബന്ധിച്ച് പാര്‍ട്ടി വിശകലനം നടത്തുമെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയ പറഞ്ഞു.

നല്ല പ്രചരണമാണ് നടത്തിയതെങ്കിലും ബി.ജെ.പിയുടെ ആശയങ്ങള്‍ സംസ്ഥാനത്തിന്റെ എല്ലാ കോണിലും എത്തിക്കാന്‍ സാധിച്ചിട്ടില്ല എന്നതാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. എന്നാല്‍ ആശങ്കപ്പെടാനൊന്നുമില്ല, മികച്ച വിജയം തന്നെയാണ് ബി.ജെ.പി നേടിയിരിക്കുന്നതെന്നും കൈലാഷ് പറഞ്ഞു.

അതേസമയം രാഹുല്‍ ഗാന്ധി നേതൃത്വം ഏറ്റെടുത്തതോടെ പുതിയ ഉണര്‍വുണ്ടായ കോണ്‍ഗ്രസിന് ഗുജറാത്ത് ഫലം ആത്മവിശ്വാസമേകും. അനിഷേധ്യനായി കുതിച്ചിരുന്ന മോദിയെ ‘തൊടാനായി’ എന്നതാണ് രാഹുലിന്റെയും പാര്‍ട്ടിയുടെയും വിജയം.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദിയെ തളയ്ക്കാന്‍ കഴിയും എന്ന വിശ്വാസം പാര്‍ട്ടിക്കു നല്‍കാനിതു സഹായിക്കും. എന്നാല്‍ നോട്ടുനിരോധനത്തിന്റെ പ്രതിസന്ധിയെയും ജിഎസ്ടി പിഴവുകളുടെ ആരോപണ പെരുമഴയെയും പിന്തള്ളിയാണ് ബിജെപിയുടെ വിജയം.

സംസ്ഥാനത്തെ സമുദായ സംഘടനകള്‍ എതിരായതാണ് ബിജെപിക്ക് തിരിച്ചടിയായതും കോണ്‍ഗ്രസിന് നേട്ടമായതും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി ഗുജറാത്തിനെയും ഹിമാചലിനെയും കാണുന്ന മോദിക്കും ബിജെപിക്കും കരുത്തേകുന്നതാണ് അന്തിമഫലങ്ങള്‍.

150 സീറ്റെന്ന സ്വപ്നസംഖ്യയുമായി അമിത്ഷാ ഗുജറാത്തില്‍ കളം നിറഞ്ഞെങ്കിലും രാഹുലിന്റെയും പട്ടേല്‍ നേതാവ് ഹാര്‍ദിക് പട്ടേലിന്റെയും നേതൃത്വത്തില്‍ കോണ്‍ഗ്രസിനും മികച്ച മുന്നേറ്റം നടത്താനായി. ആദ്യഘട്ടത്തിലെ പോളിങ് കുറവ് തങ്ങള്‍ക്ക് അനുകൂലമായെന്നു ബിജെപി വിലയിരുത്തുന്നു.

പട്ടേല്‍ മേഖലകളില്‍ വോട്ടിങ് കുറഞ്ഞതും ഗുണമായി. 150 എന്ന മാന്ത്രികസംഖ്യയിലേക്കുള്ള ബിജെപിയുടെ പ്രയാണത്തിനു തടയിട്ടു എന്നതില്‍ കോണ്‍ഗ്രസിന് അഭിമാനിക്കാം. ഗ്രാമീണ മേഖല കോണ്‍ഗ്രസിനെ പിന്തുണച്ചപ്പോള്‍, പിന്നാക്ക മേഖലകളില്‍ ബി.ജെ.പിയാണ് നേട്ടം കൊയ്തത്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന സ്ഥലങ്ങളിലാണ് ബി.ജെ.പി കൂടുതല്‍ നേട്ടമുണ്ടാക്കിയത്. നഗര പ്രദേശങ്ങളും ബി.ജെ.പിയെ കൈവിട്ടില്ല. സംസ്ഥാനത്തിന്റെ തെക്കന്‍, വടക്കന്‍ മേഖലകളും ബിജെപിക്കൊപ്പം നിന്നു.