സദ്ഭരണത്തിന്റെ ഫലമാണിതെന്ന് നരേന്ദ്ര മോദി; കുടുംബവാഴ്ചയ്‌ക്കെതിരായ വിജയമെന്ന് അമിത് ഷാ; ജനവിധി അംഗീകരിക്കുന്നുവെന്ന് രാഹുല്‍ ഗാന്ധി

single-img
18 December 2017


ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ വിജയിപ്പിച്ചതിന് ഗുജറാത്തിലെയും ഹിമാചല്‍ പ്രദേശിലെയും ജനങ്ങളോട് നന്ദിപ്രകടനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. വിജയം ബിജെപിയുടെ സദ്ഭരണത്തിന്റെയും വികസനത്തിന്റെയും ഫലമാണെന്ന് മോദി പറഞ്ഞു.

ഈ സംസ്ഥാനങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ നടത്തിയ കഠിനാധ്വാനത്തെ അഭിവാദ്യം ചെയ്യുന്നു. അവരുടെ ശ്രമങ്ങളാണ് പാര്‍ട്ടിയുടെ വലിയ വിജയത്തിനു കാരണമായതെന്നും മോദി പറഞ്ഞു. ഈ സംസ്ഥാനങ്ങളുടെ മുന്നോട്ടുള്ള വികസനയാത്രയ്ക്കുള്ള ഒരു സാധ്യതയെയും ഒഴിവാക്കില്ലെന്നും ജനങ്ങള്‍ക്കു വേണ്ടി അക്ഷീണമായി പ്രയത്‌നിക്കുമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

നരേന്ദ്ര മോദി സര്‍ക്കാരിന്റെ നയങ്ങളുടെയും വികസനപ്രവര്‍ത്തനങ്ങളുടെയും വിജയമാണ് ഗുജറാത്തിലേതെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു. പ്രധാനമന്ത്രിയുടെ വികസനപദ്ധതികളില്‍ വിശ്വാസമര്‍പ്പിച്ച് വന്‍വിജയം സമ്മാനിച്ച ഹിമാചല്‍ പ്രദേശിലെ ജനങ്ങളോട് നന്ദി പറയുന്നു. ധൂമലിനെയും എല്ലാ പ്രവര്‍ത്തകരെയും അഭിനന്ദിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.

അതേസമയം ജനവിധി അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരു സംസ്ഥാനങ്ങളിലെയും പുതിയ സര്‍ക്കാറിന് എല്ലാ ഭാവുകങ്ങളും നേരുന്നു. തന്നോടു കാണിച്ച സ്‌നേഹത്തിന് ഗുജറാത്തിലെയും ഹിമാചലിലെയും ജനങ്ങളോട് നന്ദി പറയുന്നുവെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു.