കോണ്‍ഗ്രസിനു മുന്നില്‍ വിയര്‍ത്ത് ബിജെപി 100 കടന്നു

single-img
18 December 2017

കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ ഗുജറാത്തില്‍ ബിജെപിക്കു വീണ്ടും വ്യക്തമായ ലീഡ്. ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്ന ശേഷമാണ് സംസ്ഥാനത്ത് വീണ്ടും ബിജെപി ലീഡിലേക്ക് എത്തിയത്. ആകെയുള്ള 182 സീറ്റിലെ ലീഡ് നില അറിവായപ്പോള്‍ 105 സീറ്റില്‍ ബിജെപി മുന്നിട്ടു നില്‍ക്കുകയാണ്. കോണ്‍ഗ്രസിന്റെ ലീഡ് 76 സീറ്റിലേക്ക് താഴ്ന്നു.

ഇഞ്ചോടിഞ്ച് പോരാട്ടമാണ് കോണ്‍ഗ്രസും ബിജെപിയും കാഴ്ചവച്ചത്. ഒരു വേളയില്‍ കോണ്‍ഗ്രസ് ബിജെപിയെയും പിന്നിലാക്കി മുന്നേറിയിരുന്നു. ബിജെപിയുടെ ശക്തികേന്ദ്രമായ പടിഞ്ഞാറന്‍ രാജ്‌കോട്ട് മണ്ഡലത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി പിന്നിലാണ്.

ആദ്യ ഫലസൂചനകളില്‍ മുന്നിട്ടു നിന്നിരുന്ന രൂപാനി പിന്നീട് പിന്നിലേക്കു പോകുന്നതാണ് കാണാന്‍ സാധിക്കുന്നത്. സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസ് മികച്ച മുന്നേറ്റമാണ് നടത്തിയത്. എക്‌സിറ്റ്‌പോള്‍ ഫലം തിരുത്തിയാണ് കോണ്‍ഗ്രസ് ലീഡ് നില ഉയര്‍ത്തിയത്.

ഗ്രാമപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയിട്ടുണ്ട്. ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ആകെ 182 സീറ്റുകളുള്ള ഗുജറാത്തില്‍ കേവലഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.