ഹിമാചലില്‍ ‘ചെങ്കൊടി പാറിച്ചത്’ 24 വര്‍ഷത്തിനുശേഷം

single-img
18 December 2017


ഷിംല: ഹിമാചല്‍ പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് ജയം. ബി.ജെ.പിയുടെ രാകേഷ് വര്‍മ്മയെ അട്ടിമറിച്ച് 2131 വോട്ടുകള്‍ക്കാണ് സി.പി.എം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗ വിജയിച്ചത്. 24 വര്‍ഷത്തിനു ശേഷമാണ് സിപിഎമ്മിനു ഇവിടെ എംഎല്‍എ ഉണ്ടാകുന്നത്.

1993ലെ തെരഞ്ഞെടുപ്പിലും രാകേഷ് സിംഗ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 1967, 1990 വര്‍ഷങ്ങളിലും സി.പി.എം സ്ഥാനാര്‍ത്ഥികള്‍ ഹിമാചല്‍ പ്രദേശ് നിയമസഭയിലേക്ക് വിജയിച്ചിരുന്നു. കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ നേരിട്ട് ഏറ്റുമുട്ടിയ ഹിമാചലില്‍ ചിത്രത്തിലില്ലാതിരുന്ന സിപിഎമ്മിന് പ്രധാനപ്പെട്ട നേട്ടമാണ് ഈ ഒരു സീറ്റിലെ ജയം.

നിലവില്‍ കര്‍ഷക സംഘം സംസ്ഥാന സെക്രട്ടറിയാണ് രാകേഷ് സിംഗ. സിംഗ അടക്കം ആറ് സ്ഥാനാര്‍ത്ഥികളാണ് തിയോഗ് മണ്ഡലത്തില്‍ മത്സരിച്ചിരുന്നത്. സംസ്ഥാനത്ത് കര്‍ഷക സമരങ്ങള്‍ ഉള്‍പ്പെടെ നിരവധി സമരങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നേതാവാണ് സിംഗ.