ഗുജറാത്തില്‍ ബിജെപിയുടെ നെഞ്ചിടിപ്പേറ്റി കടുത്ത പോരാട്ടം: ഒരു ഘട്ടത്തില്‍ കോണ്‍ഗ്രസ് ബഹുദൂരം മുന്നിലെത്തി

single-img
18 December 2017

ഗുജറാത്തില്‍ ലീഡ് നില മാറിമറിയുന്നു. ആദ്യ ഫലസൂചനകളില്‍ ബിജെപി വിയര്‍ക്കുന്ന കാഴ്ചയാണ് ഉണ്ടായത്. കണക്കുകള്‍ തെറ്റിച്ച് കോണ്‍ഗ്രസ് ലീഡ് നിലയില്‍ മുന്നേറ്റം നടത്തി. ആദ്യ ഫലസൂചനകളില്‍ ബിജെപി മുന്നിട്ടു നിന്നിരുന്നെങ്കിലും പിന്നീട് പിന്നിലേക്ക് പോകുകയായിരുന്നു.

ഭരണവിരുദ്ധ വികാരം വോട്ടായി മാറുമെന്ന കോണ്‍ഗ്രസിന്റെ പ്രതീക്ഷയാണ് ഇടയ്ക്ക് കാണാനായത്. ആദ്യം രണ്ട് സീറ്റില്‍ മാത്രം ലീഡ് ചെയ്തിരുന്ന കോണ്‍ഗ്രസ് ഇടയ്ക്ക് 87 സീറ്റില്‍ മുന്നിലെത്തി. ബിജെപി അപ്പോള്‍ 79 സീറ്റിലാണ് മുന്നിട്ട് നിന്നിരുന്നത്. ഇതോടെ ബിജെപി ക്യാമ്പ് ആശങ്കയിലായിരുന്നു. എന്നാല്‍ പിന്നീട് കാര്യങ്ങള്‍ മാറിമറിഞ്ഞു.

പട്ടേല്‍ സമുദായത്തിന് ശക്തിയുള്ള സൗരാഷ്ട്രയിലും കച്ചിലും കോണ്‍ഗ്രസിന് മുന്‍തൂക്കമെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഗ്രാമപ്രദേശങ്ങളിലും കോണ്‍ഗ്രസ് മുന്‍തൂക്കം നേടിയിട്ടുണ്ട്. 22 വര്‍ഷമായി അധികാരത്തില്‍ തുടരുന്ന ഗുജറാത്തില്‍ ഇത്തവണ ബിജെപിക്കു സീറ്റ് കുറയുമെന്നാണു വിലയിരുത്തല്‍. കഴിഞ്ഞതവണ ബിജെപിക്ക് 115 സീറ്റുണ്ടായിരുന്നു. കോണ്‍ഗ്രസ് 61 സീറ്റും മറ്റുള്ളവര്‍ ആറു സീറ്റും നേടിയിരുന്നു.