ഗുജറാത്ത് തെരെഞ്ഞെടുപ്പ്: ദളിത് സമരനായകൻ ജിഗ്നേഷ് മേവാനിയ്ക്ക് തകർപ്പൻ ജയം

single-img
18 December 2017

ഗുജറാത്ത് നിയമസഭാ തെരെഞ്ഞെടുപ്പിൽ വഡ്ഗാം മണ്ഡലത്തിൽ നിന്നും ദളിത് സമരനായകൻ ജിഗ്നേഷ് മേവാനിയ്ക്ക് തകർപ്പൻ ജയം. കോൺഗ്രസ്സിന്റേയും ആം ആദ്മി പാർട്ടിയുടേയും സംയുക്ത പിന്തുണയോടെ മത്സരിച്ച ജിഗ്നേഷ് കുമാർ നട് വർലാൽ മേവാനി എന്ന ജിഗ്നേഷ് മേവാനി 20,511 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ഗുജറാത്ത് നിയമസഭയിലേയ്ക്ക് തെരെഞ്ഞെടുക്കപ്പെട്ടത്.

പട്ടികജാതി സംവരണമണ്ഡലമാ‍യ ബനസ്കന്ത ജില്ലയിലെ വഡ്ഗാം കോൺഗ്രസ്സിന്റെ സിറ്റിംഗ് സീറ്റായിരുന്നു. സിറ്റിംഗ് എം എൽ ഏ ആയ മണിലാൽ ജേഠാഭായി വഗേലയോട് ഇക്കുറി മത്സരിക്കേണ്ടെന്ന് കോൺഗ്രസ്സ് ആവശ്യപ്പെടുകയായിരുന്നു. കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും സ്ഥാനാർത്ഥികളെ നിർത്താതെ സ്വതന്ത്ര സ്ഥാനാർത്ഥിയായ ജിഗ്നേഷ് മേവാനിയ്ക്ക് പിന്തുണ നൽകുകയായിരുന്നു. ബിജെപിയുടെ ചക്രവർത്തി വിജയ് കുമാർ ഹർക്കാ ഭായി ആയിരുന്നു മേവാനിയുടെ പ്രധാന എതിരാളി.

കഴിഞ്ഞ വർഷം ഗുജറാത്തിലെ ഉനയിൽ ചത്തപശുവിന്റെ തോലുരിച്ചതിന്റെ പേരിൽ ദളിത് യുവാക്കളെ കെട്ടിയിട്ടു മർദ്ദിച്ചതിനെത്തുടർന്ന് സംസ്ഥാനമൊട്ടാകെ പടർന്ന ദളിത് പ്രക്ഷോഭങ്ങളുടെ നായകനായാണു ജിഗ്നേഷ് മേവാനിയെന്ന ചെറുപ്പക്കാരൻ വാർത്തകളിൽ ഇടം പിടിക്കുന്നത്. ഉന സംഭവത്തിൽ പ്രതിഷേധിച്ച് കഴിഞ്ഞ വർഷം ഓഗസ്റ്റ് ആദ്യവാരം അഹമ്മദാബാദിൽ നിന്നും ഉനയിലേയ്ക്ക് നടന്ന ദളിത് അസ്മിതാ യാത്ര നയിച്ചത് ജിഗ്നേഷ് മേവാനിയായിരുന്നു. പിന്നീട് രാജ്യമെമ്പാടും ദളിത് മനുഷ്യാവകാശ പ്രക്ഷോഭങ്ങളുടെ ഐക്കൺ ആയി ജിഗ്നേഷ് മേവാനി ഉയർന്നു വരികയായിരുന്നു.

1982 ഡിസംബർ 11-നു ഗുജറാത്തിലെ അഹമ്മദാബാദിലാണു ജിഗ്നേഷ് മേവാനി ജനിച്ചത്.അഹമ്മദാബാദിലെ എച്ച് കെ ആർട്സ് കോളേജിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിലും ഡി ടി ലോ കോളജിൽ നിന്നും നിയമത്തിലും ബിരുദം സ്വന്തമാക്കിയ ജിഗ്നേഷ് ജേർണലിസത്തിൽ ഡിപ്ലോമയും പാസ്സായിട്ടുണ്ട്.

ദളിത് സമരങ്ങളിലൂടെ ഉയർന്നുവന്ന ഒരു യുവനേതാവ് നിയമസഭയിലേയ്ക്ക് ആദ്യത്തെ തവണ തന്നെ തെരെഞ്ഞെടുക്കപ്പെടുന്നത് ഗുജറാത്ത് രാഷ്ട്രീയത്തിലെ ചരിത്ര നിമിഷമായാണു വിലയിരുത്തപ്പെടുന്നത്.

ഇതിനിടെ രാധൻപൂർ മണ്ഡലത്തിൽ നിന്നും കോൺഗ്രസ്സ് സ്ഥാനാർത്ഥിയായി മത്സരിച്ച ഓബിസി നേതാവ് അല്പേഷ് ഖോഡ ഠാക്കൂർ 14252 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നുണ്ട്.