നമ്മള്‍ വാങ്ങുന്ന മീനില്‍ മായം കലര്‍ന്നിട്ടുണ്ടോ എന്നറിയാന്‍ ഇതാ എളുപ്പ വഴി

single-img
18 December 2017

എളുപ്പം കേടാകുന്ന ഒന്നാണ് മത്സ്യം. രാസപ്രവര്‍ത്തനം നടന്ന് ഡൈ/ട്രൈമീതെയില്‍ അമോണിയ മത്സ്യത്തില്‍ തനിയെ ഉണ്ടാകുന്നതിനാല്‍ മീനില്‍ എളുപ്പം ബാക്ടീരിയ വളരും. ഇതു മൂലമാണ് മീന്‍ പെട്ടെന്നു കേടാകുന്നത്. കടലില്‍ നിന്നു പിടിക്കുന്ന മത്സ്യങ്ങള്‍ ചിലപ്പോള്‍ പത്തുദിവസം കഴിഞ്ഞേ തുറുമുഖത്തെത്താറുള്ളൂ.

അതുകൊണ്ടു തന്നെ മാര്‍ക്കറ്റുകളില്‍ എത്തുന്നതിനു മുമ്പേ അതിന്റെ പുതുമ നഷ്ടപ്പെട്ടിട്ടുണ്ടാവും. നല്ല മത്സ്യത്തിന്റെത് ഉറച്ചതും തിളക്കമുള്ളതുമായ മാംസമായിരിക്കും. തൊട്ടുനോക്കിയാല്‍ നല്ല മാര്‍ദവം ഉണ്ടാകും. പഴകിയ മത്സ്യം പുതുമയോടെ കാത്തുസൂക്ഷിക്കുന്നതിനായി മീനില്‍ സാധാരണയായി ചേര്‍ക്കുന്നത് ഫോര്‍മാലിനും അമോണിയയുമാണ്.

ഇത്തരം രാസപദാര്‍ഥങ്ങള്‍ ചേര്‍ന്ന മീനുകള്‍ മാര്‍ക്കറ്റുകളില്‍ സുലഭമാണ്. പഠനങ്ങള്‍ പറയുന്നതനുസരിച്ച് ഫോര്‍മാലിന്‍ കാന്‍സറിന് കാരണമാകുന്നുണ്ട് എന്നാണ്. അമോണിയ സ്ഥിരമായി ശരീരത്തിനുള്ളില്‍ ചെന്നാലും രോഗങ്ങള്‍ക്കിടയാക്കും.

കൊച്ചിയിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയിലെ രണ്ട് വനിതാ ശാസ്ത്രജ്ഞരാണ്് മീനിലെ മായം കണ്ടെത്താനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ചെറിയൊരു സ്ട്രിപ്പാണ് മായം കണ്ടെത്താനായി ഉപയോഗിക്കുന്നത്.

ശാസ്ത്രജ്ഞരായ എസ്.ജെ. ലാലി, ഇ.ആര്‍. പ്രിയ എന്നിവര്‍ ചേര്‍ന്നാണ് ഈ കിറ്റ് വികസിപ്പിച്ചെടുത്തത്. ഈ സ്ട്രിപ്പ് നമ്മള്‍ മീനില്‍ അമര്‍ത്തണം. ശേഷം സ്ട്രിപ്പിലേക്ക് ഒരു തുള്ളി രാസലായിനി ഒഴിക്കുക. മായം കലര്‍ന്ന മീനാണ് എങ്കില്‍ സ്ട്രിപ്പിന്റെ നിറം മാറും.

മായം കണ്ടെത്താനുള്ള കിറ്റില്‍ സ്ട്രിപ്പ്, രാസലായിനി, നിറം മാറുന്നത് ഒത്തുനോക്കുന്നതിനുള്ള കളര്‍ ചാര്‍ട്ട് എന്നിവയാണുള്ളത്. വാണിജ്യാടിസ്ഥാനത്തില്‍ കിറ്റ് വില്‍പ്പനയ്‌ക്കെത്തുമ്പോള്‍ ഒരു സ്ട്രിപ്പിന് പരമാവധി ഒന്നോ രണ്ടോ രൂപ മാത്രമേ ചെലവു വരൂ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ഒരു കിറ്റിന്റെ കാലാവധി ഒരു മാസമാണ്.

മീന്‍ തിരഞ്ഞെടുക്കുമ്പോള്‍ ഇക്കാര്യങ്ങളും ശ്രദ്ധിക്കാം

ഫ്രഷ് മീനിനു ദുര്‍ഗന്ധമോ അമോണിയയുടെ ഗന്ധമോ അനുഭവപ്പെടുകയില്ല. കടല്‍ മണമാണ് ഉണ്ടാവുക. കടലിലെ കാറ്റടിക്കുമ്പോഴുള്ളതുപോലത്തെ ഗന്ധം.

മത്സ്യത്തിന്റെ കണ്ണുകള്‍ പ്രത്യേകം ശ്രദ്ധിക്കുക. പുതിയ മത്സ്യത്തിന്റെ കണ്ണുകള്‍ തിളക്കമുള്ളതായിരിക്കും. മങ്ങല്‍ ഒട്ടും ഉണ്ടാവില്ല. അതിനല്‍പം തുടിപ്പും ഉണ്ടാകും. രാസവസ്തുക്കള്‍ ചേര്‍ത്ത മത്സ്യത്തിന്റെ കണ്ണുകള്‍ക്കു നീലനിറമായിരിക്കും.

ചെകിളപ്പൂക്കള്‍ പരിശോധിക്കുക. ഫ്രഷ് ആണെങ്കില്‍ ചെകിളപൂക്കള്‍ ചുവപ്പു നിറവും നനഞ്ഞ പ്രകൃതവും ഉള്ളവ ആയിരിക്കും.

മുറിച്ച മത്സ്യം ഫ്രഷ് ആണോയെന്നറിയാന്‍ ഈര്‍പ്പമുണ്ടോയെന്നു നോക്കുക. ഫ്രഷ് എങ്കില്‍ നിറവ്യത്യാസവും ഉണ്ടായിരിക്കില്ല.

മാംസം തന്നെ അടര്‍ന്നു പോരുന്നെങ്കില്‍ പുതിയ മീന്‍ ആയിരിക്കില്ല.

മത്സ്യത്തിന്റെ നിറവ്യത്യാസം ശ്രദ്ധിക്കുക. തവിട്ടു നിറവും അഗ്രഭാഗത്തെ മഞ്ഞനിറവും പതുപതുപ്പും മത്സ്യം പഴകിയതാണെന്ന് ഉള്ളതിന്റെ സൂചനകളാണ്.

വലിയ മീനുകള്‍ വാങ്ങുംമുമ്പ് പതിയെ കൈകൊണ്ട് ഒന്നമര്‍ത്തി നോക്കുക. ചെറുതായി താഴ്ന്നുവെങ്കില്‍ മീന്‍ അത്ര പുതിയതാകണമെന്നില്ല. ഉറപ്പുള്ള മാംസം മീന്‍ പുതിയതാണ് എന്നതിന്റെ സൂചനയാണ്

വലിയ മീനുകള്‍ മുറിക്കുമ്പോള്‍ ഉള്ളില്‍ നീലനിറത്തിലുള്ള തിളക്കം കണ്ടാല്‍ അതില്‍ രാസപദാര്‍ഥങ്ങള്‍ ചേര്‍ത്തിട്ടുണ്ടെന്ന് ഉറപ്പിക്കാം. ഫ്രഷ് ആയ കക്കയുടെയും കല്ലുമ്മക്കായയുടേയും തോട് അല്‍പം തുറന്ന നിലയിലായിക്കും. പതിയെ കൈകൊണ്ട് തട്ടിയാല്‍ താനെ അടഞ്ഞുപോകും. ഫ്രീസറില്‍ വച്ച മീന്‍ വാങ്ങുമ്പോള്‍ നിറവിത്യാസമോ വെള്ളയോ കറുപ്പോ നിറത്തിലുള്ള പൊട്ടുകളോ ഉണ്ടോയെന്നു പരിശോധിക്കുക.