കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി വന്ന ബിജെപിയെ വിറപ്പിച്ച് കോണ്‍ഗ്രസ്

single-img
18 December 2017

കടുത്ത തിരഞ്ഞെടുപ്പു പോരാട്ടത്തിനൊടുവില്‍ ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണയാണ് ബിജെപി അധികാരത്തിലേക്ക് വരുന്നത്. വോട്ടെണ്ണലില്‍ ഒരു ഘട്ടത്തില്‍ പിന്നിട്ടുനിന്നശേഷം ലീഡ് തിരിച്ചുപിടിച്ചാണ് ബിജെപി ഗുജറാത്തില്‍ ഭരണമുറപ്പിച്ചത്.

എന്നാല്‍ കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി വന്ന ബിജെപിയെ വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ വിറപ്പിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചു. ഇതോടെ കുറച്ച് സമയത്തേയ്‌ക്കെങ്കിലും ബിജെപി കേന്ദ്രങ്ങളിലെ ആരവങ്ങള്‍ ഒഴിഞ്ഞു. ബിജെപി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ വരെ തയ്യാറായില്ല. പിന്നീട് ലീഡ് നില വീണ്ടെടുത്തതോടെയാണ് ബിജെപി കേന്ദ്രങ്ങളില്‍ ജീവന്‍ തിരിച്ചെത്തിയത്.

അവസാനഘട്ടത്തില്‍ പ്രചാരണം നടത്തിയ മേഖലകള്‍ ബിജെപിയിലേയ്ക്ക് ചാഞ്ഞതാണ് ലീഡ് വീണ്ടെടുക്കാന്‍ സഹായകമായത്. മുഖ്യമന്ത്രി വിജയ് രൂപാണി പോലും കഷ്ടിച്ചാണ് കടന്ന് കൂടിയത്. വിജയ് രൂപാണിക്കെതിരെ കനത്ത വെല്ലുവിളി ഉയര്‍ത്താന്‍ കോണ്‍ഗ്രസ് നേതാവ് ഇന്ദ്രാണി രാജ്ഗുരുവിന് സാധിച്ചിരുന്നു.

തെരഞ്ഞെടുപ്പില്‍ കേന്ദ്രസര്‍ക്കാരിന്റെ ജിഎസ്ടിയും നോട്ട് പിന്‍വലിക്കലും ബിജെപിക്ക് പ്രതീക്ഷിച്ച ഗുണം നല്‍കിയില്ല എന്ന വിലയിരുത്തലാണ് ഉള്ളത്. ബിജെപിയുടെ പരമ്പരാഗത വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വ്യക്തി പ്രഭാവത്തില്‍ തെരഞ്ഞെടുപ്പ് റാലി നടന്ന സ്ഥലങ്ങളില്‍ മാത്രമാണ് ബിജെപിക്ക് വോട്ട് നിലയില്‍ മുന്നേറ്റമുണ്ടാക്കാനായത്. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണം നേട്ടത്തിലെത്തിക്കാനായില്ല.