ആഷസില്‍ ഇംഗ്ലണ്ട് ചാരമായി: ഓസ്‌ട്രേലിയ ട്രോഫി തിരിച്ചുപിടിച്ചു; മൂന്നാം ടെസ്റ്റില്‍ വമ്പന്‍ ജയം

single-img
18 December 2017


ഇംഗ്‌ളണ്ടിനെതിരായ ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്ക് വമ്പന്‍ ജയം. ഇന്നിംഗ്‌സിനും 41 റണ്‍സിനുമാണ് ഓസ്‌ട്രേലിയ വിജയിച്ചത്. ആദ്യ രണ്ട് ടെസ്റ്റിലും ജയം നേടിയ ഓസ്‌ട്രേലിയ ഈ ജയത്തോടെ 3-0ന് ആഷസ് പരമ്പര തിരിച്ചു പിടിച്ചു.

രണ്ട് മല്‍സരങ്ങള്‍ ശേഷിക്കെയാണ് ഓസീസിന്റെ പരമ്പരനേട്ടം. ഒന്നാമിന്നിങ്‌സില്‍ 259 റണ്‍സ് ലീഡ് വഴങ്ങിയ ഇംഗ്ലണ്ട് മല്‍സരം സമനിലയിലാക്കാന്‍ പരിശ്രമിച്ചുവെങ്കിലും ഓസീസ് ബോളര്‍മാര്‍ക്കു മുന്നില്‍ പിടിച്ചു നില്‍ക്കാനായില്ല. ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് അഞ്ച് വിക്കറ്റും പാറ്റ് കമ്മിന്‍സും നെയ്ഥന്‍ ലിയോണും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നാല് വിക്കറ്റിന് 132 റണ്‍സെന്ന നിലയില്‍ അവസാനദിനം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് വേണ്ടി അര്‍ധസെഞ്ചുറി നേടിയ ഡേവിഡ് മലന്‍ മാത്രമാണ് പൊരുതിനോക്കിയത്. ഓസീസ് ഇന്നിങ്‌സില്‍ ഇരട്ടസെഞ്ചുറി നേടിയ സ്റ്റീവന്‍ സ്മിത്താണ് മാന്‍ ഓഫ് ദ് മാച്ച്.

ഇരട്ടസെഞ്ചുറി നേടിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, സെഞ്ചുറി നേടിയ മിച്ചല്‍ മാര്‍ഷ് എന്നിവരുടെ മികവിലാണ് ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ കൂറ്റന്‍ സ്‌കോര്‍ സ്വന്തമാക്കിയത്. സ്‌കോര്‍ബോര്‍ഡ്; ഇംഗ്ലണ്ട്: 403, 218, ആസ്‌ട്രേലിയ: 6629

അഞ്ചോ അതിലധികമോ മല്‍സരങ്ങളുള്ള ആഷസ് പരമ്പര മൂന്നാം ടെസ്റ്റില്‍ തന്നെ ഒരു രാജ്യം സ്വന്തമാക്കുന്നത് ഇത് പത്താം തവണയാണ്. ഒന്‍പതു തവണയും ഓസ്‌ട്രേലിയ വിജയം നേടിയപ്പോള്‍ 1928-29 കാലഘട്ടത്തില്‍ നേടിയ ഒരേയൊരു വിജയമാണ് ഇംഗ്ലണ്ടിന്റെ അക്കൗണ്ടിലുള്ളത്.