യു.പി പോലീസ് വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്, ഇപ്രാവശ്യം വളര്‍ത്തുനായയെ കസ്റ്റഡിയിലെടുത്ത് കൊണ്ട്

single-img
17 December 2017

ബറേലി: കൃഷി നശിപ്പിച്ചതിന് കഴുതകളെ അറസ്റ്റു ചെയ്ത് വിവാദത്തില്‍പ്പെട്ട യു.പി പോലീസ് വീണ്ടും സമാനമായ നടപടിയിലൂടെ വാര്‍ത്തകളില്‍ ഇടംനേടി. ഇക്കുറി കഴുതകളല്ല, ഒരു നായയാണ് ഇത്തവണ പോലീസ് സ്റ്റേഷന്‍ കയറേണ്ടിവന്നത്! ഉടമസ്ഥാവകാശം സംബന്ധിച്ച തര്‍ക്കത്തെത്തടുര്‍ന്നാണ് ലാബ്രഡോര്‍ ഇനത്തില്‍ പെട്ട നായയ്ക്ക് പോലീസ് സ്റ്റേഷനില്‍ രണ്ട് ദിവസം കഴിയേണ്ടിവന്നത്.

ബറേലിയിലെ മഹാരാജ് നഗറില്‍ താമസക്കാരനായ മോനു എന്നയാള്‍ തന്റെ ലാബ്രഡോര്‍ നായയെ മൂന്ന് മാസമായി കാണാനില്ലെന്ന് പോലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. തന്റെ നായ മറ്റൊരു വീട്ടുവളപ്പിലുണ്ടെന്നും തിരികെ ലഭിക്കാന്‍ സഹായിക്കണമെന്നും പരാതിയില്‍ മോനു പറഞ്ഞിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നേക്പൂര് പ്രദേശത്തെ നിഷാന്ത് എന്നയാളുടെ വീട്ടില്‍ നായയുണ്ടെന്ന് പോലീസ് കണ്ടെത്തി. പക്ഷേ, നായയുടെ ഉടമസ്തന്‍ താനാണെന്ന വാദത്തില്‍ നിഷാന്ത് ഉറച്ചുനിന്നു.

തര്‍ക്കം മൂര്‍ഛിച്ചതോടെ നായയെ അറസ്റ്റ് ചെയ്ത് പോലീസ് ഒപ്പം കൂട്ടി. ഉടമസ്ഥാവകാശം തെളിയിക്കുന്നതു വരെ നായയെ സ്റ്റേഷനില്‍ സൂക്ഷിക്കാന്‍ പോലീസ് തീരുമാനിച്ചു.

തെളിവുകള്‍ ഹാജരാക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടാല്‍ ലാബ്രഡോറിനെ തെരുവ് നായയായി കണക്കാക്കി മുന്‍സിപ്പാലിറ്റിക്ക് കൈമാറുമെന്നാണ് പോലീസ് അറിയിച്ചിരുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് ശേഷം തെളിവുകളുമായി ഇരുകൂട്ടരും ഹാജരായി.

വിശദമായ പരിശോധനകള്‍ക്കൊടുവില്‍ മോനു തന്നെയാണ് നായയുടെ ഉടമസ്ഥനെന്നും യാദൃശ്ചികമായി അത് നിഷാന്തിന്റെ വീട്ടിലെത്തിയതാണെന്നും തെളിഞ്ഞു.