തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം

single-img
17 December 2017

രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത്, ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമറിയാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കി. എക്സിറ്റ് പോൾ പ്രവചനങ്ങളേക്കാൾ കൂടുതൽ സീറ്റുകൾ നേടി അധികാരം നേടുമെന്നു ബിജെപി പറയുന്നു. ഗുജറാത്തിൽ അടിയൊഴുക്കുകൾ ശക്തമായിരുന്നു എന്ന് വിലയിരുത്തുന്ന കോൺഗ്രസ്, ഭരണം പിടിച്ചെടുക്കും എന്ന ഉറച്ച പ്രതീക്ഷയിലാണ്.

കോണ്‍ഗ്രസിനും ബിജെപിക്കും ഏറെ നിര്‍ണായകമാണ് ഗുജറാത്തിലേയും ഹിമാചല്‍പ്രദേശിലേയും തിരഞ്ഞെടുപ്പ് ഫലങ്ങള്‍. ജിഎസ്ടിയും നോട്ട് നിരോധനവും കാര്‍ഷികപ്രതിസന്ധിയുമെല്ലാം പ്രചാരണവിഷയമായ രണ്ടിടത്തും വാശിയേറിയ മത്സരമാണ് നടന്നത്.

ഹിമാചലില്‍ 68 മണ്ഡലങ്ങളിലേക്കും ഗുജറാത്തില്‍ 182 മണ്ഡലങ്ങളിലേക്കുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ഹിമാചലില്‍ 74 ശതമാനവും ഗുജറാത്തില്‍ 68 ശതമാനവുമാണ് പോളിങ് രേഖപ്പെടുത്തിയത്. കോണ്‍ഗ്രസ് അധ്യക്ഷപദവിയേറ്റെടുത്തതിന് തൊട്ടുപിന്നാലെ വരുന്ന തിരഞ്ഞെടുപ്പ് ഫലം രാഹുലിന് ഏറെ നിര്‍ണായകമാണ്. അതേസമയം പുറത്തുവന്ന വിവിധ എക്സിറ്റ് പോള്‍ ഫലങ്ങള്‍ ഇരുസംസ്ഥാനങ്ങളിലും ബിജെപിക്ക് അനുകൂലമാണ്. ഹിമാചലില്‍ ഭരണം നഷ്ടപ്പെടുകമാത്രമല്ല വലിയ തിരിച്ചടിതന്നെ കോണ്‍ഗ്രസിനുണ്ടാകുമെന്നാണ് പ്രവചനം.

ഗുജറാത്തില്‍ ബിജെപി 108 ഉം ഹിമാചലില്‍ 55 സീറ്റും വരെ നേടുമെന്ന് പ്രവചിക്കുന്ന സര്‍വ്വേകള്‍ ഗുജറാത്തില്‍ കോണ്‍ഗ്രസ് നിലമെച്ചപ്പെടുത്തുമെന്നും സൂചിപ്പിക്കുന്നു. രണ്ട്ഘട്ടമായി തെരഞ്ഞെടുപ്പ് നടന്ന ഗുജറാത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കെതിരെ വ്യാപകമായ പരാതികളും ഉയര്‍ന്നിട്ടുണ്ട്. വിവിപാറ്റുകള്‍ എണ്ണണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് സുപ്രീംകോടതിയെ സമീപിച്ചെങ്കിലും അംഗീകരിച്ചില്ല.