കോടികൾ കൊയ്യാമെന്ന വ്യാമോഹത്തിൽ അധ്യാപികയ്ക്ക് നഷ്ടമായത് ലക്ഷങ്ങൾ; തട്ടിപ്പു വ്യാജ ഫേസ്​ബുക്​ അക്കൗണ്ട്​ വഴി

single-img
17 December 2017

കാസര്‍കോട്: ബാങ്ക് അക്കൗണ്ടിൽ നിന്നും പണം തട്ടിയെടുക്കപെടുന്ന സംഭവങ്ങൾ വർധിച്ചു വരികയാണ്. ഇക്കുറി കെണിയിൽ വീണതാകട്ടെ ഒരധ്യാപികയും. വ്യാജ ഫേസ്​ബുക്​​ അക്കൗണ്ട്​ വഴി പരിചയപ്പെട്ട അജ്ഞാതൻ ​പടുപ്പിലെ അധ്യാപികയുടെ 12,47,000 രൂപ തട്ടിയെടുത്തതായാണ് ബേഡകം പൊലീസ്​ സ്റ്റേഷനിൽ പരാതിപെട്ടിരിക്കുന്നത്.

ജോണ്‍ ബ്ലാങ്ക് എന്ന വ്യാജ ഫേസ്ബുക്​ അക്കൗണ്ട് വഴി പരിചയപ്പെട്ടയാളാണ്​ പണം തട്ടിയത്. റിസര്‍വ് ബാങ്കിലെ ഉദ്യോഗസ്ഥനാണെന്ന്​ പരിചയപ്പെടുത്തിയാണ്​ തുടക്കം. ഫേസ്ബുക്കിലൂടെയും വാട്‌സ് ആപ്പിലൂടെയും ചാറ്റിങ്​ നടത്തി അധ്യാപികയോട് അക്കൗണ്ട് വിവരങ്ങള്‍ ചോദിച്ചറിയുകയായിരുന്നു.

വിദേശത്തുനിന്ന് മൂന്നുകോടി രൂപ അക്കൗണ്ടിലേക്ക് വഴിമാറിയെത്തിയിട്ടുണ്ടെന്നും നികുതി അടച്ചാല്‍ പണം കൈമാറാമെന്നുമായിരുന്നു അറിയിച്ചത്. ആദ്യം ഒന്നരലക്ഷം രൂപ അടച്ചു. പിന്നീട് നാലുഘട്ടങ്ങളിലായി വിവിധ അക്കൗണ്ടുകളിലേക്ക് നികുതി എന്ന വ്യാജേന പണമടക്കാന്‍ ആവശ്യപ്പെട്ടു. മൊത്തം 12.47 ലക്ഷം രൂപ അടച്ചു. എന്നിട്ടും മൂന്നുകോടി വരാതായതോടെയാണ് അധ്യാപികക്ക് ചതിയില്‍പെട്ടുവെന്ന് മനസ്സിലായത്.

പൊലീസ് അന്വേഷണത്തില്‍ ഡല്‍ഹി, മിസോറം എന്നിവിടങ്ങളില്‍നിന്നാണ് പണം പിന്‍വലിച്ചതെന്ന് വ്യക്തമായി. അക്കൗണ്ടുകളെല്ലാം വ്യാജമാണ്. പല അധ്യാപകരോടും കടം വാങ്ങിയാണത്രെ അടച്ചത്. സൈബർ സെല്ലി​ന്റെ സഹായത്തോടെ അക്കൗണ്ടുകൾ പരിശോധിച്ചു കുറ്റവാളികളെ എത്രെയും വേഗം കണ്ടെത്താനുള്ള പ്രയത്നത്തിലാണ് പോലീസ്.