ഓഖി; തിരച്ചിൽ ഗോവൻ തീരംവരെ വ്യാപിപ്പിക്കാനൊരുങ്ങി സർക്കാർ

single-img
17 December 2017

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റിൽ കാണാതായ മൽസ്യത്തൊഴിലാളികൾക്കു വേണ്ടിയുള്ള തിരച്ചിൽ വ്യാപിപ്പിക്കാനൊരുങ്ങി സംസ്ഥാന സർക്കാർ. മുനമ്പം മുതൽ ഗോവ വരെയുള്ള ഭാഗങ്ങളിലേക്കാണു തിരച്ചിൽ വ്യാപിക്കുന്നത്. തിരച്ചിലിനായി ബോട്ടുടമകൾ സഹായിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.

200–ഓളം ബോട്ടുകൾ വിട്ടുനൽകണമെന്നാണ് ആവശ്യം. ബോട്ടുടമകളും മൽസ്യത്തൊഴിലാളികളുമായി നടത്തിയ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ ആവശ്യം ഉന്നയിച്ചത്. ഓഖി ദുരന്തത്തിൽ മുന്നൂറോളം പേരെ കാണാതായെന്നാണ് സർക്കാർ ശനിയാഴ്ച പുറത്തുവിട്ട കണക്കിൽ പറയുന്നത്. പൊലീസ്, ഫിഷറീസ്, ദുരന്തനിവാരണ വകുപ്പുകൾ പുറത്തുവിട്ട രേഖയിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

എഫ്ഐആറുകള്‍ പ്രകാരം കാണാതായവർ: തിരുവനന്തപുരം-172, കൊച്ചി–32. എഫ്ഐആര്‍ കൂടാതെയുള്ളവര്‍: കൊല്ലം – 13, തിരുവനന്തപുരം–83. പുതിയ കണക്കുപ്രകാരം മരണം 60 ആണ്. തിരിച്ചറിയാനുള്ളത് 40 മൃതദേഹങ്ങള്‍. അതിനിടെ, കോഴിക്കോട് ചോമ്പാല ഉൾക്കടലിൽ ഒരു മൃതദേഹം കൂടി കണ്ടെത്തി. മൽസ്യത്തൊഴിലാളികൾ കണ്ട മൃതദേഹം കരയിലെത്തിക്കാനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. എന്നാൽ, സർക്കാർ പുതുതായി പുറത്തുവിട്ട കണക്കു തെറ്റാണെന്നാണ് ലത്തീൻ സഭയുടെയും മത്സ്യത്തൊഴിലാളികളുടെയും ഭാഷ്യം.

ചെറുവള്ളങ്ങളിൽ പോയി കാണാതായ 95 മത്സ്യത്തൊഴിലാളികളുടെ കാര്യത്തിൽ കടുത്ത ആശങ്കയും അവർ പങ്കുവയ്ക്കുന്നു. ലത്തീൻ സഭ ശേഖരിച്ച കണക്കനുസരിച്ചു തിരുവനന്തപുരത്തു നിന്ന് 256 മൽസ്യത്തൊഴിലാളികളെയാണു കാണാതായത്. ഇതിൽ 94 പേർ നാട്ടിൽനിന്നും 147 പേർ മറ്റു പല സ്ഥലങ്ങളിൽനിന്നും കടലിൽ പോയവരാണ്.