പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടന്‍പൊയിലെ പാര്‍ക്കിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കട തല്ലിപ്പൊളിച്ചതായി പരാതി

single-img
17 December 2017

കോഴിക്കോട്: പി.വി. അന്‍വര്‍ എംഎല്‍എയുടെ കക്കാടന്‍പൊയിലെ പാര്‍ക്കിന് മുന്നില്‍ സ്ഥാപിച്ചിരുന്ന കട തല്ലിപ്പൊളിച്ചതായി പരാതി. എംഎല്‍എയുടെ പാര്‍ക്കിന് മുന്നില്‍ രണ്ട് സുഹൃത്തുക്കള്‍ ചേര്‍ന്ന് നടത്തിയ കടയാണ് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. പാര്‍ക്കിനുള്ളിലെ കച്ചവടം കുറയുന്നതിന്റെ പേരിലാണ് കട തകര്‍ത്തതെന്നാണ് ആരോപണം. സംഭവത്തില്‍ കടയുടമ പൊലീസില്‍ പരാതി നല്‍കിയെന്നും എന്നാൽ കാര്യമായ നടപടിയൊന്നും തന്നെ ഇതുവരെ സ്വീകരിച്ചിട്ടില്ലെന്നും മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

നിയമലംഘനം നടന്നെന്ന പേരില്‍ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നതാണ് അന്‍വര്‍ എം.എല്‍.എയുടെ കക്കാടം പൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക്. നിയമങ്ങള്‍ ലംഘിച്ചായിരുന്നു പാര്‍ക്ക് നിര്‍മ്മാണം എന്ന ആരോപണങ്ങള്‍ ശക്തമാകുന്നതിനിടെയാണ് കട തല്ലിപ്പൊളിച്ചതായുള്ള പരാതിയും ഉയരുന്നത്.

അതേസമയം ഈ പാര്‍ക്കിന് മുമ്പില്‍ ഇതിന് മുന്‍പും സമാന സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. അഞ്ച് മാസം മുമ്പ് ഇവിടെ ഒരു കട തീയിട്ട് നശിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ അന്നും കാര്യക്ഷമമായ നടപടി ഉണ്ടായിട്ടില്ല.