മൂന്നാം ഏകദിനം; ഇന്ത്യയ്ക്ക് ടോസ്, ആദ്യം ഫീൽഡിങ് തിരഞ്ഞെടുത്തു നായകൻ രോഹിത് ശർമ്മ 

single-img
17 December 2017

വിശാഖപട്ടണം: ശ്രീലങ്കയ്ക്കെതിരായ മൂന്നാം ഏകദിനത്തിൽ ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ഫീൽഡിങ് തിരഞ്ഞെടുത്തു. പരമ്പരയിൽ ഇതാദ്യമായാണ് രോഹിതിന് ടോസ് ലഭിക്കുന്നത്.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാഗ്യഗ്രൗണ്ടായ വിശാഖപട്ടണം ഡോ വൈഎസ് രാജശേഖര റെഡ്ഡി സ്‌റ്റേഡിയത്തിലാണ് മത്സരം. ഇവിടെ നടന്ന ആറ് ഏകദിന മത്സരങ്ങളില്‍ അഞ്ചിലും ആതിഥേയര്‍ ജയിച്ചു. ഈ വര്‍ഷം ഒരു പരമ്പരപോലും തോല്‍ക്കാതെ ആത്മവിശ്വാസത്തിന്റെ നെറുകയില്‍ നില്‍ക്കുന്ന ആതിഥേയരും ഇന്ത്യയില്‍ കന്നി പരമ്പര തേടുന്ന ലങ്കയും ഇന്ന് മൂന്നാം ഏകദിനത്തില്‍ മുഖാമുഖം വരുമ്പോള്‍ പോരാട്ടത്തിന് വീര്യമേറും.

2015 ഒക്ടോബറില്‍ ദക്ഷിണാഫ്രിക്കയോട് പരമ്പര തോറ്റ ശേഷം സ്വന്തം തട്ടകത്തില്‍ ടീം ഇന്ത്യ ഒരു പരമ്പര പോലും തോറ്റിട്ടില്ല. എന്നാല്‍, ലങ്കയുടെ സ്ഥിതി നേരെ മറിച്ചാണ്. ഈ വര്‍ഷം കളിച്ച 27 ഏകദിനങ്ങളില്‍ അഞ്ചെണ്ണം മാത്രമാണ് ജയിച്ചത്. ഇന്ത്യയില്‍ ഇന്നുവരെ ഒരു പരമ്പര അവര്‍ ജയിച്ചിട്ടുമില്ല. എങ്കിലും ഒരു പരമ്പരനേടി വര്‍ഷം അവസാനിപ്പിക്കാന്‍ ഇന്ന് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ അവര്‍ക്ക് സുവര്‍ണാവരസം കൈവന്നിരിക്കുകയാണ്.

ധര്‍മശാലയിലെ ആദ്യകളിയില്‍ ഇന്ത്യയെ 112 റണ്‍സിന് പുറത്താക്കി 30 ഓവറോളം ബാക്കി നില്‍ക്കെ ലങ്ക വിജയം പിടിച്ചിരുന്നു.