ബിജെപി എട്ടുനിലയിൽ പൊട്ടി: പഞ്ചാബിൽ കോൺഗ്രസിന് വൻ വിജയം

single-img
17 December 2017

പഞ്ചാബിലെ മൂന്ന് മുൻസിപ്പൽ കോർപ്പറേഷനുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കോൺഗ്രസ് തൂത്തുവാരി. ഞായറാഴ്‌ച വൈകുന്നേരത്തോടെയാണ് ഇവിടുത്തെ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നത്. ഏതാണ്ടെല്ലാ വാർഡുകളിലും കോൺഗ്രസ് അനുകൂല സ്ഥാനാർത്ഥികളാണ് വിജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് പുത്തനുണർവ് നൽകിയിട്ടുണ്ട്.

പട്യാലയിലെ 58 വാർഡുകളിലും കോൺഗ്രസ് സ്ഥാനാർത്ഥികൾ ജയിച്ചപ്പോൾ ബി.ജെ.പിയ്‌ക്ക് ഇവിടെ അക്കൗണ്ട് തുറക്കാൻ പോലും ആയില്ല. ജലന്ധറിൽ 66 വാർഡുകൾ കോൺഗ്രസിനും എട്ട് വാർഡുകൾ ബി.ജെ.പിക്കും നാലെണ്ണം അകാലി ദളിനും ലഭിച്ചു. അമൃത്‌സറിൽ 69 സീറ്റുകൾ കോൺഗ്രസ് സ്വന്തമാക്കിയപ്പോൾ 12 സീറ്റുകൾ ബി.ജെ.പി – അകാലി ദൾ സഖ്യത്തിനും ലഭിച്ചു.

എന്നാൽ അമൃത്‌സർ, ജലന്ധർ, പട്യാല എന്നിവിടങ്ങളിൽ നടന്ന തിരഞ്ഞെടുപ്പ് സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് കോൺഗ്രസ് അട്ടിമറിച്ചതാണെന്ന് ബി.ജെ.പിയും അകാലി ദളും ആരോപിച്ചു. തിരഞ്ഞെടുപ്പിൽ കൃത്രിമത്വം നടന്നിട്ടുണ്ടെന്നും വീണ്ടും വോട്ടെടുപ്പ് നടത്തണമെന്നുമാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.