”ഗുജറാത്തിൽ ബിജെപിയ്ക്ക് ഭരണത്തുടർച്ച ഉണ്ടാകില്ല”

single-img
17 December 2017

ഗുജറാത്തിൽ ഭരണത്തുടർച്ചയ്ക്ക് ആവശ്യമായ സീറ്റുകൾ പാർട്ടിക്കു ലഭിക്കില്ലെന്ന്‌ ഗുജറാത്തിൽനിന്നുള്ള രാജ്യസഭാ എംപി സഞ്ജയ് കകാഡെ. എക്സിറ്റ് പോളുകളിലേറെയും ഗുജറാത്തിൽ ബിജെപിയുടെ വിജയം സുനിശ്ചിതമാണെന്ന് പ്രഖ്യാപിക്കുമ്പോളാണ് പാർട്ടിയുടെ തോൽവി പ്രവചിച്ച് ബിജെപി എംപി രംഗത്ത് എത്തിയത്. ഗുജറാത്തിലെ സർക്കാർ വിരുദ്ധ വികാരമാണ് ബിജെപിയുടെ തോൽവിയിലേക്കു നയിക്കുകയെന്നും കകാഡെ വ്യക്തമാക്കി.

സർക്കാർ രൂപീകരിക്കാനുള്ള സീറ്റുപോലും ബിജെപിക്ക് ഗുജറാത്തിൽ ലഭിക്കില്ല. കോൺഗ്രസാകട്ടെ, സർക്കാർ രൂപീകരിക്കാനാവശ്യമായ സീറ്റുകൾക്ക് അടുത്തെത്തുകയും ചെയ്യും – കകാഡെ പറഞ്ഞു. അഥവാ ഗുജറാത്തിൽ ബിജെപി ഭരണം നിലനിർത്തിയാൽ, അത് നരേന്ദ്ര മോദിയെന്ന ഒറ്റയാളുടെ മികവു കൊണ്ടായിരിക്കുമെന്നും കകാഡെ പറഞ്ഞു.

തന്റെ നേതൃത്വത്തിലുള്ള ഒരു ടീം സംസ്ഥാന വ്യാപകമായി നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് ബിജെപിയുടെ തോൽവി പ്രവചിക്കുന്നതെന്നും കകാഡെ വ്യക്തമാക്കി. ആറു പേരടങ്ങുന്ന ഒരു സംഘത്തെ ഞാൻ ഗുജറാത്തിലേക്ക് അയച്ചിരുന്നു. സംസ്ഥാനത്തെ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കർഷകർ, ഡ്രൈവർമാർ, വെയ്റ്റർമാർ, തൊഴിലാളികൾ തുടങ്ങിയവരുമായി അവർ കൂടിക്കാഴ്ച നടത്തി. അവർ നടത്തിയ സർവേയുടെയും എന്റെ സ്വന്തം കണക്കുകൂട്ടലിന്റെയും അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ഭരണം നിലനിർത്താനാവശ്യമായ സീറ്റ് ബിജെപിക്കു കിട്ടില്ലെന്നാണ് എന്റെ നിഗമനം – കകാഡെ പറഞ്ഞു.