കൊച്ചിയില്‍ വീണ്ടും വന്‍ കവര്‍ച്ച: വീട്ടുകാരെ കെട്ടിയിട്ട് 50 പവന്‍ സ്വര്‍ണമടക്കം കവര്‍ന്നു

single-img
16 December 2017

കൊച്ചിയില്‍ വീണ്ടും വന്‍ കവര്‍ച്ച. തൃപ്പൂണിത്തുറ ഹില്‍പ്പാലസിനു സമീപത്തെ വീട്ടിലാണ് കവര്‍ച്ച നടന്നത്. അന്‍പതു പവന്‍ സ്വര്‍ണവും 20,000 രൂപയുമടക്കമുള്ള വസ്തുവകകള്‍ കവര്‍ന്നു. തമിഴ്‌നാട്ടുകാരടങ്ങുന്ന പത്തംഗസംഘമാണ് കവര്‍ച്ച നടത്തിയത്.

വീട്ടുകാരെ മര്‍ദിച്ചും കെട്ടിയിട്ടുമായിരുന്നു മോഷണം. ആക്രമണത്തില്‍ തലയ്ക്ക് അടിയേറ്റ് ഗൃഹനാഥനു ഗുരുതരമായി പരുക്കേറ്റു. കുടുംബാംഗങ്ങളെയും പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിന്റെ മുന്‍ഭാഗത്തെ ജനല്‍കമ്പികള്‍ തകര്‍ത്തനിലയിലാണ്.

വലിയ പുരയിടത്തിലെ ഒറ്റ വീടായതിനാല്‍ രാത്രി നടന്ന അക്രമണം പുറലോകമറിയാന്‍ രാവിലെയാവേണ്ടി വന്നു. സംസ്ഥാനത്ത് മൂന്നുദിവസത്തിനിടെ നടക്കുന്ന മൂന്നാം കവര്‍ച്ചയാണിത്. കാസര്‍കോട് ചീമേനിയിലായിരുന്നു രണ്ടു ദിവസം മുന്‍പത്തെ കവര്‍ച്ച. അവിടെ വീട്ടമ്മയെ കഴുത്തറുത്ത് കൊന്നശേഷമായിരുന്നു മോഷണം നടത്തിയത്.

കഴിഞ്ഞ ദിവസം കൊച്ചി നഗരമധ്യത്തില്‍ വീട്ടില്‍ കയറി വയോധികരായ ദമ്പതികളെ ആക്രമിച്ചു സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നിരുന്നു. നോര്‍ത്ത് ജംഗ്ഷനില്‍നിന്നു പുല്ലേപ്പടി പാലത്തിലേക്കു പോകുന്ന വഴിയില്‍ താമസിക്കുന്ന ഇല്ലിമൂട്ടില്‍ റിട്ട. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ ഇ.കെ. ഇസ്മയിലിന്റെ വീട്ടിലാണു മോഷണം നടന്നത്.