ലൗ ജിഹാദ് ആരോപിച്ച് കൊല: പ്രതി ശംഭുലാലിന് വേണ്ടി സംഘപരിവാര്‍ പ്രകടനം: പ്രവര്‍ത്തകര്‍ കോടതിയ്ക്ക് മുകളില്‍ കാവിക്കൊടി കെട്ടി

single-img
16 December 2017

ഉദയ്പൂര്‍: രാജസ്ഥാനില്‍ ലൗ ജിഹാദ് ആരോപിച്ച് യുവാവിനെ തീകൊളുത്തി കൊന്ന കേസിലെ പ്രതി ശംഭുലാലിന് പിന്തുണയുമായി സംഘപരിവാര്‍ പ്രവര്‍ത്തകര്‍. ജില്ലാ സെഷന്‍സ് കോടതിക്ക് മുകളില്‍ കാവിക്കൊടികെട്ടിയാണ് പ്രവര്‍ത്തകര്‍ ശംഭുലാലിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചത്.
പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് പ്രകടനം നടത്തുകയും ചെയ്തു. ഇതിനിടയിലാണ് ചിലര്‍ കോടതിക്ക് മുകളില്‍ കയറി കാവിക്കൊടികെട്ടിയത്. റാലി നടത്തിയ പ്രവര്‍ത്തകര്‍ കോടതി പരിസരത്ത് പോലീസിനോട് ഏറ്റമുട്ടുകയും ചെയ്തു. തുടര്‍ന്ന് പൊലീസ് ലാത്തിവീശി.

സംഭവവുമായി ബന്ധപ്പെട്ട് ഇരുപതോളം പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ തടയുകയും ചെയ്തിട്ടുണ്ട്. ഡിസംബര്‍ ആറിനാണ് ലൗ ജിഹാദ് ആരോപിച്ച് ക്രൂരമായ കൊലപാതകം നടന്നത്.

അഫ്രാസുള്‍ എന്ന മുസ്ലീം യുവാവിനെ കുത്തി വീഴ്ത്തിയ ശേഷം തീകൊളുത്തി കൊല്ലുകയായിരുന്നു. തുടര്‍ന്ന് ലൗ ജിഹാദ് തടയുന്നതിനാണ് താന്‍ കൊലപാതകം ചെയ്തതെന്ന് ഇയാള്‍ അവകാശപ്പെട്ടു. ലൗ ജിഹാദ് ചെയ്യാന്‍ ശ്രമിക്കുന്നവരുടെ ഗതി ഇതായിരിക്കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു.