രാഹുല്‍ ഗാന്ധി ചുമതലയേറ്റു; കോണ്‍ഗ്രസിനിത് പുതുചരിത്രം

single-img
16 December 2017

കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുല്‍ഗാന്ധി ചുമതലയേറ്റു. രാവിലെ 11ന് ഡല്‍ഹി അക്ബര്‍ റോഡിലെ എ.ഐ.സി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ മുഖ്യ വരാണാധികാരി മുല്ലപ്പളളി രാമചന്ദ്രന്‍ അധികാര രേഖ കൈമാറിയാതോടെ രാഹുല്‍ ഔദ്യോഗികമായി പാര്‍ട്ടി അധ്യക്ഷനായി.

രാഹുലിനെ കോണ്‍ഗ്രസ് അധ്യക്ഷപദത്തിലേക്കു സ്വാഗതം ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ നേതൃത്വത്തില്‍ പ്രമുഖരുടെ നിരയാണ് എഐസിസി ആസ്ഥാനത്തെത്തിയത്. സ്ഥാനമൊഴിയുന്ന പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്. അസുഖത്തെത്തുടര്‍ന്നു വിശ്രമിക്കുന്ന എ.കെ. ആന്റണി എത്തിയില്ല.

ഗാന്ധി കുടുംബത്തില്‍ നിന്നും കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ വ്യക്തിയാണ് രാഹുല്‍. നേരത്തെ മുന്‍പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, സോണിയാ ഗാന്ധി എന്നിവരാണ് ഈ സ്ഥാനം വഹിച്ചിട്ടുള്ളത്. അനാരോഗ്യത്തെ തുടര്‍ന്ന് സോണിയാ ഗാന്ധി സജാവരാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനിന്നതോടെയാണ് രാഹുല്‍ അധ്യക്ഷ സ്ഥാനത്തേക്ക് കടന്നുവന്നത്.

രാഹുല്‍ പദവി ഏറ്റെടുക്കുന്നതോടെ താന്‍ വിരമിക്കുമെന്ന് സോണിയ ഗാന്ധി ഇന്നലെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സോണിയ ഉദ്ദേശിച്ചത് അധ്യക്ഷ പദവിയില്‍ നിന്നുള്ള വിരമിക്കലാണെന്നും സജീവരാഷ്ട്രീയത്തില്‍ നിന്നുള്ള വിരമിക്കലല്ലെന്നും കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സുര്‍ജേവാല ട്വീറ്റ് ചെയ്തു.