നടന്‍ ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍

single-img
16 December 2017

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതിനെതിരെ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം നടക്കുന്നതിനിടെയാണ് ദിലീപ് ഹരിശ്ചന്ദ്രനൊന്നുമല്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. കേസിലെ ഫോണ്‍ രേഖകള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് ദിലീപ് തന്നെയാണെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു.

അതേസമയം, അന്വേഷണസംഘമാണ് കുറ്റപത്രം മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയതെന്ന് ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ ബോധിപ്പിച്ചു. പൊലീസ് ക്ലബ്ബിന്റെ പരിസരത്ത് ഒരു ഫോട്ടോസ്റ്റാറ്റ് കടപോലും ഇല്ല. അതിനാല്‍ പൊലീസിന്റെ അറിവോടെ പൊലീസ് ക്ലബ്ബില്‍ നടന്ന നീക്കങ്ങളുടെ ഭാഗമായാണ് കുറ്റപത്രം ചോര്‍ന്നതെന്ന് അഭിഭാഷകന്‍ ആരോപിച്ചു

എന്നാല്‍ ഫോണ്‍ രേഖകള്‍ അടക്കമുള്ള തെളിവുകള്‍ കോടതിയില്‍ അപേക്ഷ നല്‍കി വാങ്ങിയ ദിലീപ് അവ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. അങ്ങനെയുള്ള ആള്‍ ഹരിശ്ചന്ദ്രനാകാന്‍ ശ്രമിക്കേണ്ടെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്ന് ഹര്‍ജി ഈ മാസം 23 ന് വിധി പറയാനായി മാറ്റി. അന്വേഷണസംഘമാണ് കുറ്റപത്രം ചോര്‍ത്തി നല്‍കിയതെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്.

തന്നെ മനപ്പൂര്‍വം അപകീര്‍ത്തിപ്പെടുത്താന്‍ കോടതിയില്‍ സമര്‍പ്പിക്കുന്നതിന് മുന്‍പ് അന്വേഷണസംഘം മാധ്യമങ്ങള്‍ക്ക് കുറ്റപത്രം ചോര്‍ത്ത് നല്‍കിയെന്നായിരുന്നു പരാതിയില്‍ ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നത്.