ദിലീപിന്റെ പരാതിയില്‍ വാദം പൂര്‍ത്തിയായി; വിധി ഈ മാസം 23ന്

single-img
16 December 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ കുറ്റപത്രം ചോര്‍ന്നുവെന്ന ദിലീപിന്റെ പരാതിയില്‍ വാദം പൂര്‍ത്തിയായി. ഈ മാസം 23ന് വിധി പറയും. ഫയലില്‍ സ്വീകരിക്കുന്നതിന് മുന്‍പ് കുറ്റപത്രം പൊലീസ് മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നാണ് ദിലീപിന്റെ ആരോപണം.

പ്രതിഭാഗം തന്നെയാണ് കുറ്റപത്രം ചോര്‍ത്തി നല്‍കിയതെന്നും പൊലീസിന്റെ കൈയില്‍ നിന്നും കുറ്റപത്രം ചോര്‍ന്നിട്ടില്ലെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ മാസം 22നാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.

കുറ്റപത്രമല്ല കരട് രേഖ മാത്രമാണ് ചോര്‍ന്നതെന്നാണ് നേരത്തെ പൊലീസ് കോടതിയില്‍ നല്‍കിയ വിശദീകരണം. പകര്‍പ്പെടുക്കാന്‍ നല്‍കിയപ്പോള്‍ മാധ്യമങ്ങള്‍ ഇത് ചോര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് കോടതിയില്‍ അറിയിച്ചത്.

മഞ്ജു വാര്യരുമായുള്ള ബന്ധം തകരാന്‍ അക്രമണത്തിന് ഇരയായ നടിയാണ് കാരണമെന്ന വിശ്വാസമാണ് ദിലീപിനെ ക്വട്ടേഷന്‍ നല്‍കാന്‍ പ്രേരിപ്പിച്ചതെന്നാണ് പൊലീസ് കുറ്റ പത്രത്തില്‍ പറയുന്നത്. എട്ടാം പ്രതിയായ ദിലീപ് ഉള്‍പ്പടെ 12 പ്രതികളാണ് കേസില്‍ ഉള്ളത്.

പള്‍സര്‍ സുനിയാണ് കേസിലെ ഒന്നാം പ്രതി. സുനിക്കെതിരെ ചുമത്തിയ വകുപ്പുകള്‍ തന്നെയാണ് ദിലീപിനെതിരെയും ചുമത്തിയിരിക്കുന്നത്. പ്രധാന സാക്ഷിയായ മഞ്ജു വാര്യര്‍ ഉള്‍പ്പെടെ കേസില്‍ അമ്പതോളം സാക്ഷികള്‍ ഉണ്ടെന്നാണ് വിവരം.