‘അവധിയെടുത്ത് പണി വാങ്ങരുത്’: കാരണങ്ങളില്ലാതെ ലീവ് എടുക്കുന്ന ജീവനക്കാരെ വിദൂര ജില്ലകളിലേക്കു സ്ഥലം മാറ്റും

single-img
15 December 2017

ജോലി കിട്ടിയിട്ട് വേണം ലീവെടുക്കാന്‍ എന്നു പറയുന്നവര്‍ കേട്ടോളൂ. മതിയായ കാരണങ്ങളില്ലാതെ ലീവ് എടുക്കുന്നവരെ കാത്തിരിക്കുന്നത് എട്ടിന്റെ പണിയാണ്. കെഎസ്ആര്‍ടിസിയില്‍ മതിയായ കാരണങ്ങളില്ലാതെ അവധിയെടുക്കുന്ന ജീവനക്കാരെ അന്നുതന്നെ വിദൂര ജില്ലകളിലേക്കു സ്ഥലം മാറ്റാനുള്ള നീക്കമാണ് നടക്കുന്നത്.

ആള്‍ക്ഷാമം മൂലം സര്‍വീസുകള്‍ സ്ഥിരമായി മുടങ്ങുന്നതിനെത്തുടര്‍ന്നാണു കര്‍ശന നടപടികളുമായി മാനേജ്‌മെന്റ് രംഗത്തെത്തിയത്. ഏതെങ്കിലും യൂണിറ്റില്‍ ഇത്തരത്തില്‍ സര്‍വീസുകള്‍ മുടങ്ങിയാല്‍ അതിന്റെ വിവരങ്ങള്‍ ഉച്ചയ്ക്ക് 12നു മുന്‍പ് വിജിലന്‍സ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ഓപ്പറേഷന്‍സ് എക്‌സിക്യുട്ടിവ് ഡയറക്ടര്‍ എന്നവര്‍ക്കു നല്‍കണം.

അന്നു തന്നെ അന്വേഷണം നടത്തി അഡ്മിനിസ്‌ട്രേഷന്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ക്ക് ഇവര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സ്ഥലംമാറ്റത്തിനുള്ള ഉത്തരവ് പുറപ്പെടുവിക്കുക. ഉത്തരവിന്റെ പകര്‍പ്പ് എംഡിക്കു നല്‍കണമെന്നും നിര്‍ദേശമുണ്ട്.