മുത്തലാഖ് ക്രിമിനല്‍ കുറ്റം; മുത്തലാഖ് ചൊല്ലുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം വരെ തടവ്; നിയമ ഭേദഗതി ബില്ലിന് അംഗീകാരം

single-img
15 December 2017

മുത്തലാഖ് ക്രിമിനല്‍ കുറ്റകരമാക്കികൊണ്ടുള്ള നിയമ ഭേദഗതി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കി. ഒറ്റയടിക്ക് മൂന്നു തലാഖും ചൊല്ലി (മുത്തലാഖ്) വിവാഹമോചനം നടത്തുന്ന ഭര്‍ത്താവിന് മൂന്നു വര്‍ഷം വരെ തടവാണ് കേന്ദ്രം തയാറാക്കിയ ‘മുസ്‌ലിം വനിതാ സംരക്ഷണ അവകാശ, വിവാഹ ബില്ലി’ല്‍ വ്യവസ്ഥ ചെയ്യുന്നത്.

ബില്ലിനെക്കുറിച്ച് കേന്ദ്രം സംസ്ഥാനങ്ങളുടെ അഭിപ്രായം തേടിയിരുന്നു. ഡിസംബര്‍ പത്തിനകം അഭിപ്രായം അറിയിക്കാനായിരുന്നു നിര്‍ദേശം. ശീതകാല സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കും. കരട് ബില്ല് പ്രകാരം വാക്കാലോ ഇമെയിലില്‍ കൂടിയോ എസ്എംഎസ് ആയോ വാട്‌സ്ആപ് മെസേജായോ മുത്തലാഖ് നടത്തുന്നത് ക്രിമിനല്‍ കുറ്റമാണ്.

ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടുന്ന ഇസ്‌ലാമിക സമ്പ്രദായം നിയമവിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ച് കഴിഞ്ഞ ഓഗസ്റ്റ് 22നു വിധിച്ചിരുന്നു. ഒറ്റത്തവണയുള്ള മുത്തലാഖ് നിയമവിരുദ്ധമെന്ന് 2002ല്‍ ഷമീം ആര കേസിലും സുപ്രീം കോടതി വിധിച്ചിരുന്നു.

കോടതിവിധികളുണ്ടെങ്കിലും അതിനു വിരുദ്ധമായ നടപടി തുടരുന്നുവെന്ന വിലയിരുത്തലിലാണ് കേന്ദ്ര സര്‍ക്കാര്‍ നിയമനിര്‍മാണത്തിനു ശ്രമിക്കുന്നത്. ഭരണഘടനാ ബെഞ്ചിന്റെ വിധിക്കുശേഷം ഒറ്റത്തവണ മുത്തലാഖ് ചൊല്ലി വിവാഹമോചനം നേടിയതു സംബന്ധിച്ച 66 കേസുകളുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്.

ഏറ്റവും കൂടുതല്‍ കേസുകളുള്ളത് യുപിയിലാണ്. മുത്തലാഖിന് ഇരയാക്കപ്പെടുന്ന സ്ത്രീക്ക് കോടതിയെ സമീപിച്ച് തനിക്കും കുട്ടികള്‍ക്കും ജീവനാംശം ലഭിക്കാനായി പരാതി നല്‍കാം. കുട്ടികളുടെ സംരക്ഷണവും ജീവനാംശവും നിയമത്തില്‍ ഉറപ്പ് നല്‍കുന്നു.

ഭേദഗതി വരുത്തിയ കരടു ബില്ലാണ് മന്ത്രിസഭ അംഗീകരിച്ചത്. ജമ്മു കശ്മീര്‍ ഒഴികെയുള്ള എല്ലാ സംസ്ഥാനങ്ങളും നിയമത്തിന്റെ പരിധിയില്‍ വരും. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കുന്നതിനുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച കൂടിയാലോചനകള്‍ക്കായി കേന്ദ്രം മന്ത്രിതലസമിതി രൂപീകരിച്ചിരുന്നു.