ഹോംവര്‍ക്ക് ചെയ്തില്ല; ആറ് വിദ്യാര്‍ഥിനികള്‍ക്ക് 500 സിറ്റ് അപ് വീതം എടുക്കാന്‍ ശിക്ഷ: പ്രധാന അധ്യാപിക അറസ്റ്റില്‍

single-img
15 December 2017

കോലാപുര്‍: ഹോംവര്‍ക്ക് ചെയ്യാത്തതിന് എട്ടാം ക്‌ളാസിലെ ആറ് വിദ്യാര്‍ഥിനികള്‍ക്ക് 500 സിറ്റ് അപ് വീതം എടുക്കാന്‍ ശിക്ഷ നല്‍കിയ പ്രധാന അധ്യാപിക അറസ്റ്റില്‍. കോലാപൂരിനടുത്തെ ഭാവേശ്വരി സന്ദേശ് വിദ്യാലയ സ്‌കൂളിലെ പ്രധാന അധ്യാപികയായ അശ്വിനി ദേവനാണ് അറസ്റ്റിലായത്.

അവധി കഴിഞ്ഞ് മടങ്ങിയെത്തിയ വിദ്യാര്‍ഥികളുടെ നോട്ടുപുസ്തകം പരിശോധിക്കവെയാണ് ആറ് വിദ്യാര്‍ഥിനികള്‍ ഹോം വര്‍ക്ക് ചെയ്യാത്തതായി അധ്യാപിക കണ്ടെത്തിയത്. തുടര്‍ന്ന് ഓരോരുത്തരോടും 500 സിറ്റ് അപ് വീതം എടുക്കാന്‍ അശ്വിനി ദേവന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ഒരു പെണ്‍കുട്ടിക്ക് 300 സിറ്റ് അപ് എടുക്കാനെ കഴിഞ്ഞുള്ളൂ. പിന്നീട് കാലില്‍ വേദനയും നീരും വന്ന കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെണ്‍കുട്ടിയുടെ പിതാവ് ഇതേ സ്‌കൂളിലെ പ്യൂണായതിനാല്‍ രക്ഷിതാക്കള്‍ ആദ്യം പരാതി നല്‍കാന്‍ തയാറായിരുന്നില്ല.

പിന്നീടാണ് പോലീസില്‍ പരാതി നല്‍കിയത്. പെണ്‍കുട്ടിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ കാലില്‍ തുടര്‍ച്ചയായി വിറയല്‍ അനുഭവപ്പെടുന്നുണ്ട്. ഇത് മാനസിക സംഘര്‍ഷം മൂലമാകാമെന്നും അധികൃതര്‍ പറഞ്ഞു. അതേസമയം പരാതിയെ തുടര്‍ന്ന് അധ്യാപികയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുടെ ശമ്പള അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്.