സോണിയ യുഗത്തിന് തിരശീല: സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു

single-img
15 December 2017

സജീവ രാഷ്ട്രീയത്തില്‍ നിന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി വിരമിക്കുന്നതായി റിപ്പോര്‍ട്ട്. മകനും കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായിരുന്ന രാഹുല്‍ ഗാന്ധിയുടെ കിരീടധാരണത്തിന്റെ തലേന്ന് ഒരു ദേശീയ മാധ്യമത്തോടാണ് സോണിയ വിരമിക്കുകയാണെന്ന സൂചന നല്‍കിയത്.

തന്റെ റോള്‍ ഇനി വിരമിക്കുക എന്നതാണെന്നും കോണ്‍ഗ്രസിനെ ഉയരങ്ങളില്‍ എത്തിക്കാന്‍ രാഹുലിന് കഴിയുമെന്നും സോണിയ പ്രതീക്ഷ പ്രകടിപ്പിച്ചു. സോണിയാഗാന്ധിയുടെ വിരമിക്കല്‍ പ്രസംഗവും നാളെ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ സോണിയയുടെ ലോക്‌സഭാ മണ്ഡലത്തില്‍ ആരുവരുമെന്ന ചര്‍ച്ചയും സജീവമായിരിക്കുകയാണ്.

19 വര്‍ഷം നീണ്ട കാലയളവിന് ശേഷമാണ് കോണ്‍ഗ്രസിന് പുതിയ അദ്ധ്യക്ഷന്‍ ഉണ്ടാകുന്നത്. ഡിസംബര്‍ 11 നായിരുന്നു രാഹുല്‍ഗാന്ധിയെ കോണ്‍ഗ്രസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടത്. ഡിസംബര്‍ 16 ന് രാഹുല്‍ അദ്ധ്യക്ഷ സ്ഥാനം ഔദ്യോഗികമായി ഏറ്റെടുക്കും.

1998ല്‍ സീതാറാം കേസരിയുടെ പിന്‍ഗാമിയായാണ് സോണിയ കോണ്‍ഗ്രസ് അധ്യക്ഷ പദവിയിലെത്തിയത്. സോണിയയുടെ കീഴില്‍ രണ്ടു തവണ കോണ്‍ഗ്രസ് യുപിഎ മുന്നണി രൂപീകരിച്ച് അധികാരത്തിലെത്തിയിരുന്നു. ദേശീയ ഉപദേശക സമിതിയുടെയും യുപിഎയുടെയും അധ്യക്ഷ പദവിയും അക്കാലത്ത് സോണിയയാണ് അലങ്കരിച്ചിരുന്നത്.

രാജീവ് ഗാന്ധി 1991ല്‍ കൊല്ലപ്പെട്ടതിനു ശേഷം രാഷ്ട്രീയത്തിലിറങ്ങാന്‍ മടിച്ചു നിന്ന സോണിയ 1998ലാണ് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുന്നത്. ഒരു വ്യാഴവട്ടത്തിലേറെ കോണ്‍ഗ്രസ് പ്രസിഡന്റായിരുന്ന മറ്റാരുമില്ല. ജവാഹര്‍ലാല്‍ നെഹ്‌റുവും ഇന്ദിരാഗാന്ധിയും ഏഴു വര്‍ഷം വീതമാണ് പ്രസിഡന്റ് സ്ഥാനത്തിരുന്നത്. വിദേശത്തു ജനിക്കുകയും കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്ത എട്ടാമത്തെ വ്യക്തിയാണ് സോണിയ. മറ്റ് ഏഴു പേരും പാര്‍ട്ടിയെ നയിച്ചത് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പായിരുന്നു.

1947 ഡിസംബര്‍ ഒന്‍പതിനു ഇറ്റലിയിലെ സാധാരണ കുടുംബത്തില്‍ ജനിച്ച സോണിയ കേംബ്രിജിലെ ഇംഗ്ലിഷ് പഠനത്തിനിടെയാണു രാജിവ് ഗാന്ധിയെ പരിചയപ്പെടുന്നത്. മൂന്നു വര്‍ഷത്തോളം നീണ്ട പ്രണയത്തിനുശേഷം വിവാഹം. പ്രധാനമന്ത്രിയായിരിക്കെ 1991ല്‍ തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ രാജിവ് രക്തസാക്ഷിത്വം വരിച്ചതോടെ കോണ്‍ഗ്രസ് നേതൃത്വപ്രതിസന്ധിയിലായി.

എന്നാല്‍ രാജിവിന്റെ വിയോഗശേഷം സോണിയ പത്താം നമ്പര്‍ ജന്‍പഥിലെ വീട്ടില്‍ ഒതുങ്ങിക്കൂടുകയായിരുന്നു. വര്‍ഷങ്ങള്‍ക്കൊടുവില്‍ സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം സോണിയയെ കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്കെത്തിച്ചു. 1998 മാര്‍ച്ചിലായിരുന്നു അത്.