സോളാറില്‍ പിണറായി സര്‍ക്കാരിന് വീണ്ടും തിരിച്ചടി: കമ്മീഷന്‍ റിപ്പോര്‍ട്ട് കണ്ണുംപൂട്ടി നടപ്പാക്കരുതെന്ന് നിയമോപദേശം

single-img
15 December 2017

തിരുവനന്തപുരം: സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അതേപടി നടപ്പാക്കരുതെന്ന് ജസ്റ്റിസ് അരിജിത് പസായത്ത്. കമ്മീഷന്‍ കോടതിയല്ല, തലപ്പത്ത് ജഡ്ജിയുമല്ല. അന്വേഷണ ഏജന്‍സിയുടെ പരിശോധനയാണ് ആദ്യം നടക്കേണ്ടതെന്ന് പസായത്ത് സര്‍ക്കാരിന് നിയമോപദേശം നല്‍കി.

സുപ്രീം കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് അരിജിത് പസായത്തില്‍ നിന്നാണ് കേസില്‍ സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നത്. സോളാര്‍ വിഷയങ്ങളുമായി ബന്ധപ്പെട്ട് കോടതികളിലിരിക്കുന്ന നാല്‍പതോളം കേസുകളുമായി ബന്ധപ്പെട്ടാണ് ജുഡീഷ്യല്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ എന്നുംകൂടി പരിഗണിക്കുമ്പോള്‍ കൂടുതലൊരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് പഴുതില്ലെന്നും അരിജിത് പസായത് മുന്നറിപ്പ് നല്‍കി.

ഉമ്മന്‍ചാണ്ടി അടക്കമുള്ളവര്‍ക്കെതിരെ മാനഭംഗത്തിന് ഉള്‍പ്പെടെ കേസെടുത്ത് അന്വേഷിക്കുമെന്നു സോളര്‍ റിപ്പോര്‍ട്ട് ആദ്യം ചര്‍ച്ച ചെയ്ത മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ നിയമവശം ചീഫ് സെക്രട്ടറിയും നിയമവകുപ്പും എതിര്‍ത്തതിനെ തുടര്‍ന്ന് നിയമോപദേശം തേടാന്‍ തൊട്ടടുത്ത മന്ത്രിസഭാ യോഗം തീരുമാനിക്കുകയായിരുന്നു.

തുടര്‍ന്ന് ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗികബന്ധം ഏതെങ്കിലും പ്രതിക്കെതിരെ ചുമത്തിയാല്‍ തന്നെ കേസ് നിലനില്‍ക്കാന്‍ സാധ്യത കുറവാണെന്നാണ് ജസ്റ്റിസ് അരിജിത് പസായത്ത് നിയമോപദേശം നല്‍കി. പ്രതിസ്ഥാനത്തുള്ളവര്‍ ഇതു കോടതിയില്‍ ചോദ്യംചെയ്താല്‍ എഫ്‌ഐആര്‍ റദ്ദാക്കപ്പെടാമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നു മുഖ്യമന്ത്രി മന്ത്രിസഭയെ അറിയിക്കുയും ചെയ്തിരുന്നു.