തിരുവനന്തപുരത്ത് എസ്എഫ്‌ഐ മാര്‍ച്ചില്‍ സംഘര്‍ഷം: പോലീസ് ലാത്തിവീശി, ജലപീരങ്കിയും പ്രയോഗിച്ചു

single-img
15 December 2017

കേരള സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലീസിന് നേരെ കല്ലേറുണ്ടായി. പോലീസിനെ മറികടന്ന് പ്രവര്‍ത്തകര്‍ ആസ്ഥാനത്തേക്ക് തള്ളിക്കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമായത്. ഉന്തും തള്ളും രൂക്ഷമായതോടെ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി.

പിന്നാലെ ജലപീരങ്കിയും പ്രയോഗിച്ചു. വിദ്യാര്‍ഥിക്ക് വഴിവിട്ട് മാര്‍ക്ക് നല്‍കിയ വിസി രാജിവയ്ക്കണമെന്നാണ് എസ്എഫ്‌ഐയുടെ ആവശ്യം. സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗം ശനിയാഴ്ച ചേരാനിരിക്കേയാണ് എസ്എഫ്‌ഐയുടെ മാര്‍ച്ച്.

ശനിയാഴ്ചത്തെ യോഗത്തില്‍ വിദ്യാര്‍ഥിക്ക് വഴിവിട്ട് മാര്‍ക്ക് നല്‍കിയ വിഷയത്തില്‍ വിസിക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനാണ് ഇടത് സിന്‍ഡിക്കേറ്റ് അംഗങ്ങളുടെ തീരുമാനം. ഇതിന് മുന്നോടിയായാണ് ഇന്ന് എസ്എഫ്‌ഐ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരിക്കുന്നത്.

മൂന്ന് തവണ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ കന്റോണ്‍മെന്റ് എസ്‌ഐ ബി.എം.ഷാഫിക്ക് നെറ്റിക്കു പരുക്കേറ്റു. സംഘര്‍ഷമുണ്ടായതിന് പിന്നാലെ ആസ്ഥാനത്തിന് മുന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കുത്തിയിരിപ്പ് സമരം ആരംഭിച്ചു.