കോണ്‍ഗ്രസിന് തിരിച്ചടി: ഗുജറാത്തിലെ വിവി പാറ്റ് വോട്ടുകള്‍ എണ്ണാനാവില്ലെന്ന് സുപ്രീം കോടതി

single-img
15 December 2017

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ഗുജറാത്തിലെ ബൂത്തുകളില്‍ സ്ഥാപിച്ചിരുന്ന വിവി പാറ്റ് വോട്ടുകള്‍ കൂടി എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനാല്‍ ഇക്കാര്യത്തില്‍ ഇടപെടാനാകില്ല.

എന്നാല്‍ വോട്ടെടുപ്പിലെ മാനദണ്ഡങ്ങള്‍ മാറ്റുന്നതിന് ഹര്‍ജിക്കാര്‍ക്ക് കോടതിയെ വീണ്ടും സമീപിക്കാമെന്നും സുപ്രീം കോടതി ഉത്തരവിട്ടു. ഗുജറാത്തിലെ തിരഞ്ഞെടുപ്പില്‍ കൃത്രിമത്വം നടത്തിയ ഇലക്‌ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ ഉപയോഗിച്ചെന്നാണ് കോണ്‍ഗ്രസിന്റെ പരാതി.

25 ശതമാനം വിവിപാറ്റ് രസീതുകള്‍ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസ് സുപ്രിം കോടതിയെ സമീപിച്ചിരുന്നത്.
ഗുജറാത്ത് പിസിസി സെക്രട്ടറി മുഹമ്മദ് ആരിഫ് രാജ്പുത് ആണ് ഇക്കാര്യം ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. അഭിഷേക് മനു സിങ്‌വിയും കപില്‍ സിബലുമാണ് കോണ്‍ഗ്രസിനുവേണ്ടി സുപ്രീംകോടതിയില്‍ ഹാജരായത്.

ഡിസംബര്‍ 18 നാണ് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് നിയമസഭകളിലെ വോട്ടെണ്ണല്‍ നടക്കുന്നത്. ഗുജറാത്തിലെ വോട്ടെടുപ്പില്‍ വിവിപാറ്റ് സംവിധാനം ഉപയോഗിച്ചിരുന്നു. താന്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് വ്യക്തമാക്കുന്ന സംവിധാനമാണ് വിവിപാറ്റ് (വോട്ടേഴ്‌സ് വേരിഫയബിള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍).