മോദി മാപ്പ് പറയണമെന്ന് പ്രതിപക്ഷം; പാർലമെന്റ് സ്തംഭിച്ചു

single-img
15 December 2017

പാർലമെന്റിന്റെ ശീതകാല സമ്മേളനം ആദ്യ ദിവസം തന്നെ ബഹളമയം. പ്രധാനമന്ത്രിയുടെ പാക് പരാമർശത്തിൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വച്ചു. തുടർന്ന് രാജ്യസഭയിലെ സഭാനടപടികൾ നിറുത്തി വച്ച് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു.

സമ്മേളനത്തിന്റെ തുടക്കത്തിൽ തന്നെ പ്രതിപക്ഷം ബഹളം വച്ചതോടെ സഭ 20 മിനിറ്റു നേരത്തേക്കു പിരിഞ്ഞിരുന്നു. വീണ്ടും ചേർന്നെങ്കിലും പ്രതിപക്ഷത്തിന്റെ പ്രതിഷേധം തുടർന്നു. പിന്നീട് 2.30ന് വീണ്ടും ചേർന്നപ്പോഴാണ് സഭ ബഹളത്തിൽ മുങ്ങിയത്.

പാക്കിസ്ഥാനുമായി ചേർന്ന് ഗുജറാത്ത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ മൻമോഹൻ സിങ് പദ്ധതിയിട്ടുവെന്ന ആരോപണം പിൻവലിച്ച് പ്രധാനമന്ത്രി മാപ്പുപറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം നോട്ടിസ് നൽകിയിരുന്നു. എന്നാൽ ഇതു തള്ളിയതിനെത്തുടർന്നായിരുന്നു പ്രതിഷേധം.

രാജ്യസഭയുടെ 10 മുൻ അംഗങ്ങളുടെ വിയോഗത്തിനു മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചാണ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡുവിന്റെ നേതൃത്വത്തിൽ ശീതകാല സമ്മേളനത്തിനു തുടക്കം കുറിച്ചത്. ശേഷം പുതിയ മന്ത്രിമാരെ പ്രധാനമന്ത്രി സഭയ്ക്കു പരിചയപ്പെടുത്തി.

ശൂന്യവേളയിലാണ് എസ്പിയുടെ നരേഷ് അഗർവാൾ ശരത് യാദവിന്റെ അയോഗ്യതാ വിഷയം മുന്നോട്ടുവച്ചത്. ഇക്കാര്യം പരിഗണിക്കാനാകില്ലെന്ന് വെങ്കയ്യ നായിഡു അറിയിച്ചതോടെ പ്രതിഷേധം ആരംഭിക്കുകയാരുന്നു. വിഷയത്തിൽ കോൺഗ്രസും പിന്തുണ പ്രഖ്യാപിച്ചു രംഗത്തുവന്നു.

തമിഴ്‌നാട്ടിലെ ഓഖി ചുഴലിക്കാറ്റ് വിഷയം അവതരിപ്പിക്കാൻ അണ്ണാഡിഎംകെയുടെ നവനീത് കൃഷ്ണന് അധ്യക്ഷൻ അനുമതി നൽകിയതോടെ സഭ ബഹളമയമാവുകയായിരുന്നു. തുടർന്ന് നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളോട് ‘ആദ്യ ദിവസം തന്നെ ഇത് വേണോ’ എന്നു ചോദിച്ച് വിമർശിച്ച അധ്യക്ഷൻ സഭ താത്കാലികമായി നിർത്തിവയ്ക്കുകയായിരുന്നു.

20 മിനിറ്റു നേരം സഭ നിർത്തി വച്ച് വീണ്ടും ചേർന്നെങ്കിലും മോദിയുടെ പാക്ക് പരാമർശം ചൂണ്ടിക്കാണിച്ച് കോൺഗ്രസ് ആക്രമണം ശക്തമാക്കി. പ്രതിപക്ഷനേതാവ് ഗുലാം നബി ആസാദാണ് പ്രശ്‌നം സഭയ്ക്കു മുന്നിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ 2.30 വരെ സഭ നിർത്തിവച്ചു.

അതേസമയം ദേഹവിയോഗം സംഭവിച്ച മുൻ അംഗങ്ങൾക്ക് ആദരാഞ്ജലികൾ അർപ്പിച്ച് ലോക്‌സഭ രാവിലെ പിരിഞ്ഞിരുന്നു. ഇനി തിങ്കളാഴ്ച ചേരും.