തെറ്റായ വാര്‍ത്ത നല്‍കിയ മനോരമ പുലിവാല്‍ പിടിച്ചു: ലേഖകന്റെ പ്രതികരണം നല്‍കി തടിയൂരാനുള്ള ശ്രമവും തോമസ് ഐസക് പൊളിച്ചടുക്കി

single-img
15 December 2017

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും, അധ്യാപകരുടെയും പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ ധനവകുപ്പ് നിര്‍ദ്ദേശിച്ചതായി തെറ്റായി വാര്‍ത്ത നല്‍കിയ മലയാള മനോരമ പുലിവാല്‍ പിടിച്ചു. പതിമൂന്നാം തീയതി ഒന്നാം പേജില്‍ ലീഡ് വാര്‍ത്തയായി നല്‍കിയ വാര്‍ത്ത തെറ്റാണെന്നും വാര്‍ത്തയുടെ ഉറവിടം വ്യക്തമാക്കണമെന്നും ഫയല്‍ നമ്പര്‍ വെളിപെടുത്തണമെന്നും ആവശ്യപ്പെട്ട് ധനമന്ത്രി തോമസ് ഐസക്ക് തന്നെ രംഗത്തെത്തിയതോടെയാണ് സംഭവം വിവാദമായത്.

ഇതോടെ രൂക്ഷമായ പ്രതിഷേധമാണ് പത്രത്തിന് നേരിടേണ്ടി വന്നത്. ഇതേത്തുടര്‍ന്ന് ഇന്ന് പത്രത്തില്‍ വാര്‍ത്ത നല്‍കിയ ലേഖകന്റെ വിശദീകരണം എഡിറ്റ് പേജില്‍ കത്തായി അപ്രസ്‌കതമായ രീതിയില്‍ നല്‍കി മനോരമ തലയൂരാനുള്ള ശ്രമമാണ് നടത്തിയത്.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാചഹര്യത്തില്‍ വിരമിക്കല്‍ പ്രായം 58 ആക്കണമെന്ന ധനവകുപ്പിന്റെ ശുപാര്‍ശ ഫയല്‍ മന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യമന്ത്രിക്ക് നല്‍കിയെന്നായിരുന്നു വാര്‍ത്ത. ഈ ശുപാര്‍ശയുടെ ഫയല്‍ നമ്പര്‍ വ്യക്തമാക്കണമെന്നും വാര്‍ത്ത അസത്യമാണെന്നും പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് മന്ത്രി തോമസ് ഐസക്ക് പത്രകുറിപ്പ് ഇറക്കിയിരിന്നു.

എന്നാല്‍ ഇന്ന് ലേഖകന്റേതായി പ്രസിദ്ധീകരിച്ച കുറിപ്പില്‍ ശുപാര്‍ശയ്ക്ക് ഫയല്‍ നമ്പര്‍ ഇല്ലെന്നും ബജറ്റില്‍ ഉള്‍പ്പെടുത്തേണ്ട ശുപാര്‍ശകളുടെ കൂട്ടത്തില്‍ ധനവകുപ്പ് നല്‍കിയ ശുപാര്‍ശ ആണ്. ഫയല്‍ രൂപത്തിലല്ല ഇത് മന്ത്രിയുടെ ഓഫീസില്‍ നിന്ന് പോകുന്നത്.

ധനവകുപ്പ് സെക്രട്ടറിയുടെ കുറിപ്പായി കൈമാറുകയൊള്ളൂ. അതിനാല്‍ ഫയല്‍ നമ്പര്‍ ഇടുകയില്ലെന്നുമാണ് മനോരമയുടെ പുതിയ വാദം. വകുപ്പ് തല ശുപാര്‍ശയില്‍ മന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന ആദ്യ വാദത്തിന് കടകവിരുദ്ധമാണ് പുതിയ അവകാശവാദം.

എന്നാല്‍ ഈ വാദത്തെ പൊളിച്ചടുക്കി തോമസ് ഐസക് വീണ്ടും രംഗത്ത് എത്തി. ആ കുറിപ്പ് ഇനിയെങ്കിലും തന്നെയൊന്നു കാണിക്കാനുള്ള ഔദാര്യമുണ്ടാകണമെന്ന് തോമസ് ഐസക് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പേജിന്റെ പൂര്‍ണരൂപം

പെന്‍ഷന്‍ പ്രായ വര്‍ദ്ധന സംബന്ധിച്ച മനോരമ വാര്‍ത്തയ്‌ക്കെതിരെയുള്ള എന്റെ വിമര്‍ശനങ്ങളോട് വിചിത്രമായ പ്രതികരണവുമായി ലേഖകന്‍ എത്തിയിട്ടുണ്ട്. എഡിറ്റ് പേജിലാണ് ഇത്തവണ പ്രതികരണം. വീണേടത്തു കിടന്ന് ഉരുളല്‍ ഒരു എഡിറ്റോറിയല്‍ അടവായി വികസിപ്പിക്കാന്‍ അദ്ദേഹം തീരുമാനിച്ചിട്ടുണ്ടെന്നു തോന്നുന്നു.

ഈ വിഷയത്തില്‍ എന്റെ ആദ്യ വിശദീകരണം ഉള്‍പ്പേജിലെ മൂലയ്‌ക്കൊതുക്കി തടിതപ്പാനായിരുന്നു മനോരമ കഴിഞ്ഞ ദിവസം ശ്രമിച്ചത്. ഒരുപക്ഷേ, സോഷ്യല്‍ മീഡിയയുടെ ജാഗ്രതയാകാം, അതത്ര എളുപ്പമല്ല എന്ന തിരിച്ചറിവിലേയ്ക്ക് അവരെ എത്തിച്ചത്. അങ്ങനെ പത്രത്തിലെ ഏതോ മൂലയില്‍ നിന്ന് വിഷയം എഡിറ്റ് പേജിലെത്തി. അടുത്ത ഘട്ടത്തില്‍ ആസ്ഥാനവിദൂഷകരെയും അരങ്ങില്‍ പ്രതീക്ഷിക്കുന്നു.

മനോരമയുടെ ചുമതലക്കാരെ ഒരിക്കല്‍ക്കൂടി പ്രശ്‌നം ഓര്‍മ്മിപ്പിക്കാം. പെന്‍ഷന്‍ പ്രായം ഉയര്‍ത്തണമെന്ന വകുപ്പുതല ശുപാര്‍ശയില്‍ അഭിപ്രായം രേഖപ്പെടുത്താതെ ഞാന്‍ മുഖ്യമന്ത്രിയ്ക്ക് ഫയല്‍ കൈമാറി എന്നാണ് ഇതേ ലേഖകന്‍ ഡിസംബര്‍ 13ന് മനോരമയില്‍ റിപ്പോര്‍ട്ടു ചെയ്തത്. ആ ഫയലിന്റെ നമ്പരെങ്കിലും വെളിപ്പെടുത്തണമെന്നായിരുന്നു ആവര്‍ത്തിച്ചുള്ള എന്റെ അഭ്യര്‍ത്ഥന. ഇല്ലാത്ത ഫയലിന് നമ്പരുണ്ടാവില്ലല്ലോ. പിടിവീണപ്പോള്‍ പുതിയ അടവെടുക്കുന്നു. ഫയലിലല്ല, ബജറ്റു നിര്‍ദ്ദേശങ്ങളിലാണത്രേ ശുപാര്‍ശ.

ലേഖകന്റെ വാക്കുകള്‍ കേള്‍ക്കൂ ‘ഫയല്‍ രൂപത്തിലല്ല ഇതു മന്ത്രിയുടെ ഓഫീസിലേയ്ക്കു പോകുന്നത്. ധനവകുപ്പു സെക്രട്ടറി കുറിപ്പായി ഇതു കൈമാറുകയേഉള്ളൂ. അതിനാല്‍ ഫയല്‍ നമ്പര്‍ ഇടുകയില്ല’. സഹോദരാ, ഏതു ധനകാര്യ സെക്രട്ടറി നല്‍കിയ കുറിപ്പിനെ സംബന്ധിച്ചാണ് താങ്കള്‍ പറയുന്നത്?.

മനോജ് ജോഷി ഐഎഎസാണ് ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി. അദ്ദേഹം ഇങ്ങനെയൊരു കുറിപ്പു തയ്യാറാക്കുകയോ കാണുകയോ ചെയ്തിട്ടില്ല.. ഇനി, കേരളസംസ്ഥാനത്തെ ധനസെക്രട്ടറിയെക്കുറിച്ചു തന്നെയാണോ താങ്കള്‍ പറയുന്നത്? അതോ മറ്റേതെങ്കിലും സംസ്ഥാനത്തെയോ? ഇത്രയുമായ സ്ഥിതിയ്ക്ക് നാളെ അങ്ങനെയൊരു വിശദീകരണവുമായി ഇറങ്ങിയാലും അത്ഭുതമില്ല.

ഏതെങ്കിലും ഒരു ഉറവിടത്തെ ആശ്രയിച്ചായിരിക്കുമല്ലോ ഈ വാര്‍ത്ത. ആ വാര്‍ത്താ ഉറവിടത്തെ ദയവായി ഇനി വിശ്വസിക്കരുത്. ഒന്നാം പേജില്‍ ബൈലൈന്‍ സഹിതം പെരുങ്കള്ളം പ്രസിദ്ധീകരിക്കാന്‍ കാരണമായ ആ സ്രോതസ് വിളമ്പിത്തരുന്ന വിവരങ്ങളില്‍ ഇനി കണ്ണും പൂട്ടി അച്ചടി മഷി പുരട്ടരുത്.

മാത്രമല്ല, സെക്രട്ടേറിയറ്റിലെ നടപടിക്രമങ്ങള്‍ ലേഖകന്‍ മനസിരുത്തി പഠിക്കുകയും വേണം. നയ നിര്‍ദ്ദേശങ്ങള്‍ ആരെങ്കിലും കുറിപ്പെഴുതി കൈമാറുമെന്നും, അതു കിട്ടിയപാടെ ധനമന്ത്രി അഭിപ്രായം രേഖപ്പെടുത്താതെ മുഖ്യമന്ത്രിക്കു നല്‍കുമെന്നുമൊക്കെ എഴുതിപ്പിടിപ്പിക്കുന്നത് കാര്യങ്ങളെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്തതുകൊണ്ടാണ്. ഈ വക കാര്യങ്ങളില്‍ ലേഖകനൊരു പരിശീലനം സംഘടിപ്പിച്ചു കൊടുക്കാന്‍ മനോരമ തയ്യാറാകണം.

അദ്ദേഹത്തിനു മുന്നില്‍ ഒരപേക്ഷ സമര്‍പ്പിക്കുന്നു. താങ്കള്‍ പറയുന്ന കുറിപ്പ് ഇനിയെങ്കിലും എന്നെയൊന്നു കാണിക്കാനുള്ള ഔദാര്യമുണ്ടാകണം. അതു കാണാന്‍ അതിയായ ആഗ്രഹമുണ്ട്. ബജറ്റിന്റെ പണികള്‍ തുടങ്ങാറായി. അതിനു വേണ്ടിതയ്യാറാക്കിയ ശുപാര്‍ശ മന്ത്രി കാണേണ്ടതല്ലേ. എന്നെയൊന്നു സഹായിക്കൂ..

മനോരമയുടെ വാര്‍ത്ത നിഷേധിച്ചതിന്റെ നാള്‍വഴിയും സമയക്രമവുമൊക്കെ ലേഖകന്‍ പരത്തി വിശദീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വാര്‍ത്തയോട് അദ്ദേഹം ആഗ്രഹിക്കുന്ന സമയത്ത് പ്രതികരിച്ചിരിക്കണം എന്ന വാശിയൊക്കെ നല്ലതു തന്നെ. പക്ഷേ, വിശദീകരണം എപ്പോള്‍ നല്‍കണമെന്നു തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം അദ്ദേഹം എനിക്കുഅനുവദിക്കണം.

അവസാനമായി പറയട്ടെ, ഏതു വാര്‍ത്തയും വസ്തുതാപരമാകണം. ഡിസംബര്‍ 13ന് പെന്‍ഷന്‍ പ്രായം സംബന്ധിച്ച് മനോരമ ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത വസ്തുതാവിരുദ്ധമാണ്. പച്ചക്കള്ളമാണ് എഴുതിപ്പിടിപ്പിച്ചത്. ആ വാര്‍ത്ത പിന്‍വലിക്കണം. ഇന്നു പ്രസിദ്ധീകരിച്ചതുപോലുള്ള തൊടുന്യായങ്ങള്‍ ലേഖകനെയും പത്രത്തെയും കൂടുതല്‍ പരിഹാസ്യരാക്കുകയേ ഉള്ളൂ.

ഇപ്പോഴും പരാതി, പെന്‍ഷന്‍ പ്രായം പിന്‍വലിക്കണമെന്ന നിര്‍ദ്ദേശമില്ലെന്നേ പറയുന്നുള്ളൂ എന്നാണ്. പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കണമെന്ന നിര്‍ദ്ദേശമോ, വര്‍ദ്ധിപ്പിക്കാനുള്ള ഉദ്ദേശമോ സര്‍ക്കാരിനില്ല. തൃപ്തിയായോ?