കന്യാകുമാരി ജില്ലയില്‍ ഹര്‍ത്താലില്‍ വ്യാപക അക്രമം: കളിയിക്കാവിളയില്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്

single-img
15 December 2017

ഓഖി ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ കൃഷിനാശങ്ങള്‍ക്കു സര്‍ക്കാര്‍ അര്‍ഹമായ നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് കന്യാകുമാരി ജില്ലയില്‍ ഹിന്ദുസംഘടനാ ഏകോപനസമിതി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ വ്യാപക അക്രമം. ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനങ്ങള്‍ക്ക് നേരെ കല്ലേറിഞ്ഞു.

കറുംഗല്‍, മാര്‍ത്താണ്ഡം, കളിയിക്കാവിള എന്നീ പ്രദേശങ്ങളിലാണ് കല്ലേറുണ്ടായത്. ഇരുപതോളം സര്‍ക്കാര്‍ ബസുകളുടെ മുന്‍വശത്തെ ചില്ലുകള്‍ തകര്‍ന്നു. സംഘര്‍ഷ സാധ്യതയുള്ള മേഖലകളില്‍ പോലീസ് സുരക്ഷയൊരുക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം തക്കല താലൂക്കാഫീസിനു മുന്നില്‍ ഹിന്ദു സംഘടനാപ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്.

ചുഴലിക്കാറ്റില്‍ മരിച്ചവരുടെ ആശ്രിതര്‍ക്ക് മത്സ്യത്തൊഴിലാളികള്‍ക്കു നല്‍കുന്നതുപോലെ 20 ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും നല്‍കണമെന്നാണ് ഏകോപനസമിതിയുടെ ആവശ്യം. വിവിധ കര്‍ഷകസംഘം പ്രതിനിധികളും ഹര്‍ത്താലില്‍ പങ്കെടുക്കുന്നുണ്ട്.