ബിജെപിക്ക് ശിവസേനയുടെ മുന്നറിയിപ്പ്: ഒരു വര്‍ഷത്തിനുള്ളില്‍ ഭരണം അവസാനിപ്പിക്കുമെന്ന് ആദിത്യ താക്കറെ

single-img
15 December 2017

ഗുജറാത്തിലെ ജനവിധി ബി.ജെ.പിയ്ക്ക് അനുകൂലമാകുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിനു പിന്നാലെ, മഹാരാഷ്ട്രയില്‍ തിരഞ്ഞെടുപ്പ് നടത്തണമെന്ന വെല്ലുവിളിയുമായി ശിവസേന രംഗത്തെത്തി. ഒരു വര്‍ഷത്തിനുള്ളില്‍ ശിവസേന മഹാരാഷ്ട്രയിലെ എന്‍ഡിഎ സര്‍ക്കാരില്‍ നിന്ന് പിന്മാറുമെന്ന് ശിവസേന തലവന്‍ ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ പറഞ്ഞു.

മുന്നണി വിടുമെന്ന് ശിവസേന ഇതിന് മുമ്പും ഭീഷണിപ്പെടുത്തിയിട്ടുണ്ടെങ്കിലും പാര്‍ട്ടി മേധാവി ഉദ്ദവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ തന്നെ ഇത്തരമൊരു പ്രസ്താവനയുമായി രംഗത്തെത്തിയത് ഗൗരവത്തോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. വ്യാഴാഴ്ച അഹമ്മദ് നഗറില്‍ ഒരു റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ആദിത്യ ഇത്തരമൊരു പ്രസ്താവന നടത്തിയത്.

അധികം താമസിക്കാതെ അധികാരത്തിലെത്താന്‍ നമുക്ക് സാധിക്കും. ഒരുവര്‍ഷത്തിനുള്ളില്‍ ബിജെപിയെ മാറ്റി നമുക്ക് അധികാരത്തിലെത്താം. അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ഉദ്ധവ് സാഹബും നിങ്ങളുമാണ്. എന്തൊക്കെ സംഭവിച്ചാലും തനിച്ച് അധികാരത്തിലെത്തുന്നതിനായിട്ട് ആകണം നാം പ്രവര്‍ത്തിക്കേണ്ടതെന്നും ആദിത്യ പറഞ്ഞു.

ബി.ജെ.പിയോടൊപ്പം ചേര്‍ന്ന് ശിവസേന തങ്ങളുടെ വിലപ്പെട്ട വര്‍ഷങ്ങള്‍ പാഴാക്കിക്കളഞ്ഞുവെന്ന് കഴിഞ്ഞ വര്‍ഷം ഉദ്ദവ് താക്കറെ തന്നെ അഭിപ്രായപ്പെട്ടിരുന്നുവെന്നും ആദിത്യ ചൂണ്ടിക്കാട്ടി. മഹാരാഷ്ട്രയില്‍ മുന്നണി രൂപീകരിച്ച് ഭരിക്കുന്ന ശിവസേനയും ബി.ജെ.പിയും തമ്മില്‍ വിവിധ വിഷയങ്ങളില്‍ തര്‍ക്കമുണ്ടായിരുന്നു.

നോട്ട് നിരോധന സമയത്തും വിളനാശം സംഭവിച്ച സമയത്തും പ്രതിപക്ഷത്തിനൊപ്പം ചേര്‍ന്ന് സേന നടത്തിയ പ്രസ്താവനകള്‍ ബി.ജെ.പിയെ വെട്ടിലാക്കിയിരുന്നു. വോട്ടെടുപ്പ് അവസാനിച്ച ഗുജറാത്തില്‍ മികച്ച പ്രചാരണം കാഴ്ച വച്ച കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ ശിവസേന പ്രശംസിക്കുകയും ചെയ്തു. ഇതിന് പിന്നാലെ എന്‍.സി.പി നേതാവ് ശരത് പവാറുമായും ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും താക്കറെ നടത്തിയ കൂടിക്കാഴ്ചയും ശിവസേന മുന്നണി വിടുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാക്കി.