ആധാര്‍ ബന്ധിപ്പിക്കല്‍; സമയപരിധി നീട്ടി സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ്

single-img
15 December 2017

ബാങ്ക് അക്കൗണ്ടും മൊബൈല്‍ ഫോണ്‍ നമ്പറും ഉള്‍പ്പെടെയുള്ള വിവിധ പദ്ധതികള്‍ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി സുപ്രീം കോടതി ഉത്തരവായി. സുപ്രീം കോടതി ഭരണഘടന ബെഞ്ചാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്.

ആധാര്‍ നിര്‍ബന്ധമാക്കിയതിനെതിരെ സമര്‍പ്പിച്ച ഒരുകൂട്ടം ഹര്‍ജികളിലാണ് അഞ്ചംഗ ഭരണഘടനാബഞ്ച് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. ആധാറുമായി ബന്ധിപ്പിക്കുന്നതിന് ഇടക്കാല സ്റ്റേ നല്‍കണമെന്ന ഹര്‍ജിക്കാരുടെ വാദം കോടതി അംഗീകരിച്ചില്ല.

പകരം സേവനങ്ങള്‍ 31വരെ നീട്ടാമെന്ന കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കുക മാത്രമാണ് കോടതി ചെയ്തത്. എല്‍.പി.ജി അടക്കം ആറ് സേവനങ്ങള്‍ക്കാണ് ആധാര്‍ നേരത്തേ നിര്‍ബന്ധമാക്കിയത്. പിന്നീടിത് നൂറ്റിമുപ്പത്തിയൊന്‍പത് സേവനങ്ങള്‍ക്ക് കൂടിയാക്കി.

പൗരന്റെ മുഴുവന്‍ പ്രവൃത്തികളും സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുമെന്നും ഹര്‍ജിക്കാര്‍ ആശങ്ക പ്രകടിപ്പിച്ചിരുന്നു. പദ്ധതി എന്ന നിലയില്‍ നിന്ന് നിയമത്തിലേക്ക് മാറിയ സാഹചര്യത്തില്‍ ആധാര്‍ സ്റ്റേ ചെയ്യരുതെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. ബാങ്ക് അക്കൗണ്ട് അടക്കം സേവനങ്ങള്‍ ബന്ധിപ്പിക്കാന്‍ മാര്‍ച്ച് മുപ്പത് വരെ സമയം നീട്ടിയതായും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

ആധാറിന്റെ പേരില്‍ സേവനങ്ങള്‍ നിഷേധിക്കരുതെന്ന് സുപ്രീംകോടതി പലതവണ നിര്‍ദേശം നല്‍കിയിട്ടും കേന്ദ്രം ചെവിക്കൊളളുന്നില്ലെന്നാണ് ഹര്‍ജിക്കാരുടെ പ്രധാനപരാതി. അതിനാല്‍ ആധാര്‍ ബന്ധിപ്പിക്കുന്നത് നിര്‍ബന്ധമാക്കിയ കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനങ്ങള്‍ സ്റ്റേ ചെയ്യണം.

ആധാര്‍ താല്‍പര്യമുളളവര്‍ മാത്രം എടുത്താല്‍ മതിയെന്ന മുന്‍നിലപാടില്‍ കോടതി ഉറച്ചുനില്‍ക്കണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. അതേസമയം ആധാറിനെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ ജനുവരി 17ന് സുപ്രീംകോടതിയില്‍ അന്തിമ വാദം തുടങ്ങും. ഇത് മര്‍ച്ച് 31നുള്ളില്‍ തീരുമാനം ഉണ്ടായില്ലെങ്കില്‍ മാത്രമേ തീയതി ഇനി നീട്ടുന്നതിനെ കുറിച്ച് ആലോചനയുണ്ടാവൂ.