ഈ മണ്ണിലെന്നെ വെട്ടിയിടുന്നതുവരെ ഇവിടെ വളമാകുന്നതുവരെ ഞാനിവിടെ ജീവിക്കും: ഐ എഫ് എഫ് കെ ഓപ്പൺ ഫോറത്തിൽ താരമായി അലൻസിയർ

single-img
15 December 2017

Alencier Ley“ഇത് ഞാൻ ജനിച്ച മണ്ണാണു. എന്റെ മതവും എന്റെ പേരും നോക്കി എന്നെ അമേരിക്കയിലേയ്ക്കോ പോർച്ചുഗലിലേയ്ക്കോ കടത്തിക്കളയാം എന്നു വിചാരിച്ചാൽ നടക്കില്ല. ഈ മണ്ണിലെന്നെ വെട്ടിയിടുന്നതുവരെ ഇവിടെ വളമാകുന്നതുവരെ ഞാനിവിടെ ജീവിക്കും.”

ഇന്നലെ വൈകിട്ട് അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഓപ്പൺ ഫോറം വേദിയിലാണു പ്രശസ്ത നടൻ അലൻസിയർ ലേ ഈ ഉറച്ച പ്രഖ്യാപനം നടത്തിയത്. ചലച്ചിത്രമേളകളുടെ രാഷ്ട്രീയ പരിസരവും നിലവിൽ നടന്ന മേളയുടെ വിലയിരുത്തലുമായിരുന്നു ഓപ്പൺ ഫോറം ചർച്ചയാക്കിയത്. ഐ എഫ് എഫ് കെയുടെ സ്ഥിരം സാന്നിദ്ധ്യമായിരുന്ന അലൻസിയർ ഓപ്പൺ ഫോറത്തിലെ അതിഥിയായെത്തിയപ്പോൾ വേദിയിൽ രാഷ്ട്രീയം നിറയുകയായിരുന്നു. തന്റെ നടനവും ജീവിതവും അടിമുടി രാഷ്ട്രീയഭരിതമാണെന്ന് വാക്കുകളിലൂടെ വീണ്ടും തെളിയിക്കുകയായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട അലൻസിയർ.

“അഭിനയമാണിഷ്ടം. നാടകമാണു എന്റെ മാധ്യമം എന്ന് വിശ്വസിക്കുന്ന ഒരാളാണു ഞാൻ. നടന്റെ മാധ്യമം അയാളുടെ ശരീരമാണു. അതുകൊണ്ടാണു ഞാൻ പലപ്പോഴും തെരുവിലിറങ്ങി എന്റെ ശരീരം കൊണ്ട് പ്രതിഷേധിക്കുന്നത്.” അലൻസിയർ പറഞ്ഞു.
മുപ്പതോളം സിനിമകളിൽ താൻ അഭിനയിക്കുകയും അവയിൽ പലതും അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ പ്രദർശിപ്പിക്കുകയും ചെയ്തെങ്കിലും മലയാളികൾ തന്നെ അറിയാൻ ‘മഹേഷിന്റെ പ്രതികാരം’ എന്നൊരു സിനിമ വേണ്ടിവന്നെന്നും അലൻസിയർ പറഞ്ഞു.

“കുട്ടിക്കാലത്ത് ഞാൻ സ്കൂളിൽ പഠിക്കുമ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ഞാൻ അന്ന് സ്കൂളിൽ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നയാളാണു. അന്നു അസ്സംബ്ലിയിൽ പത്രം വായിച്ചുകേൾപ്പിക്കും. ഒരു ദിവസം ഹേഡ് മാസ്റ്റർ എന്നോട് പറഞ്ഞു : ഇന്നു പത്രവായന വേണ്ട. എനിക്കെന്താ സംഭവമെന്ന് മനസ്സിലായില്ല. അപ്പോൾ അദ്ദേഹം പറഞ്ഞു പത്രം വായിക്കുന്നത് ഇന്നുമുതൽ സ്കൂളിൽ അസ്സംബ്ലിയിലില്ല, അതു നിരോധിച്ചിരിക്കുകയാണു. ആ നിമിഷം പ്രതിജ്ഞ ചൊല്ലാതെ ഇറങ്ങി അസ്സംബ്ലിയിൽ എന്റെ കൂട്ടുകരോടൊപ്പം വരിയിൽ നിന്ന കുട്ടിയാണു ഞാൻ. അതിപ്പോഴും എന്റെ ശരീരത്തിലുണ്ട്, ആത്മാവിലുണ്ട്. അതുകൊണ്ടെന്നെ ദേശസ്നേഹമൊന്നും ഒരുത്തനും പഠിപ്പിച്ചു തരേണ്ടതില്ല” അലൻസിയർ തുടർന്നു.
“ബാബറി മസ്ജിദ് പൊളിക്കുമ്പോൾ സ്പെൻസർ ജംക്ഷനിൽ ഒരു തുണിക്കച്ചവടവുമായി ബന്ധപ്പെട്ട് താമസിക്കുന്ന സമയമാണു. കല്യാണം കഴിക്കണം, ജീവിക്കണം അതിനൊക്കെയുള്ള ശ്രമങ്ങൾ നടത്തുന്ന സമയം. ബാബറി മസ്ജ്ദ് പൊളിച്ചുവെന്ന് പത്രത്തിൽ കാണുമ്പോൾ ഞാനൊരു തോർത്തുമുടുത്ത് കുളിക്കാൻ തുടങ്ങുകയായിരുന്നു. ആ സ്പെൻസർ ജംക്ഷനിൽ നിന്നു സെക്രട്ടറിയേറ്റിലേയ്ക്ക് ഞാനോടി. ‘അള്ളാഹു അക്ബർ, അള്ളാഹു അക്ബർ എന്റെ രാജ്യത്തിനു എന്തോ സംഭവിക്കാൻ പോകുന്നു’ എന്നുറക്കെവിളിച്ചുകൊണ്ട് സെക്രട്ടറിയേറ്റിനു ചുറ്റും നാലുതവണ ഞാനോടി. പത്രക്കാരു പോയിട്ട് ഒരു പോലീസുകാരൻ പോലും എന്നെ തിരിഞ്ഞുനോക്കിയില്ല. കാരണം ഞാൻ നാടകക്കാരനാണു. നാടകക്കാരന്റെ ശബ്ദത്തിനു വലിയ വിലയൊന്നുമില്ല. താരങ്ങൾ വിണ്ണിൽ നിന്നും മണ്ണിലിറങ്ങിവന്ന് സംസാരിക്കുമ്പോൾ അതു വാർത്തയാകും.ആ വാർത്ത സൃഷ്ടിക്കാൻ തന്നെയാണു ഞാനിപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.”

“സംസാരിക്കണം. നിങ്ങളെ മൌനികളാക്കാൻ ശ്രമിക്കുന്നിടത്ത് നിങ്ങളുടെ നാവുകൾ ചലിക്കണം എന്നുതന്നെയാണു എനിക്ക് പറയാനുള്ളത്. മനുഷ്യന്റെ ജനാധിപത്യത്തിൽ ജീവിക്കുന്ന എല്ലാവരുടെയും അവകാശമാണത്. അതെല്ലാവരും ചെയ്യണം.” അലൻസിയർ പറഞ്ഞു.

കാസർഗോഡ് തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിൽ അഭിനയിക്കുന്ന സമയത്ത് താൻ ബസ് സ്റ്റാൻഡിൽ വെച്ച് അവതരിപ്പിച്ച നാടകീയമായ പ്രതിഷേധത്തെക്കുറിച്ചും അലൻസിയർ പറഞ്ഞു. ഒരുപക്ഷേ കേരളസമൂഹത്തിൽ തന്നെക്കുറിച്ച് വന്ന ആദ്യത്തെ രാഷ്ട്രീയ ചർച്ച ഈ പ്രതിഷേധത്തിലൂടെയാകാം ഉണ്ടായതെന്ന് പറഞ്ഞ അലൻസിയർ താനൊരു രാഷ്ട്രീയകക്ഷിയിലും അംഗമല്ലെന്നും പ്രസ്താവിച്ചു. പക്ഷെ തനിക്കൊരു പക്ഷമുണ്ട്. അത് മനുഷ്യസ്നേഹത്തിന്റേയും മാനവികതയുടെയും പക്ഷമാണു. അതേത് പക്ഷമാണോ ആ പക്ഷത്തോടൊപ്പം താൻ ചേരും. അതിനു തനിക്ക് ഒരു രാഷ്ട്രീയകക്ഷിയുടേയും അംഗത്വം ആവശ്യമില്ല.

സംവിധായകൻ കമലിനെ പാക്കിസ്ഥാനിലേയ്ക്ക് നാടുകടത്തണമെന്ന സംഘപരിവാർ തിട്ടൂരത്തിനെതിരായിട്ടായിരുന്നു അലൻസിയർ കാസർഗോട് ബസ് സ്റ്റാൻഡിൽ പ്രതീകാത്മക പ്രതിഷേധം നടത്തിയത്. തന്റെ പേരു അലൻസിയർ എന്നായതിനാൽ തനിക്ക് അമേരിക്കയിലോ പോർച്ചുഗലിലോ പോകാനുള്ള ബസ് കിട്ടുമോ എന്നു ചോദിച്ചുകൊണ്ട് ബസ്സുകളിൽക്കയറിയായിരുന്നു പ്രതിഷേധം.

കാസർഗോട്ട് നടത്തിയ പ്രതിഷേധം സംവിധായകൻ കമലിനെ പ്രീതിപ്പെടുത്താനും അദ്ദേഹത്തിന്റെ സിനിമയിൽ അവസരം കിട്ടാനുമാണു എന്ന് ചിലർ ആരോപിച്ച കാര്യം പ്രതിപാദിച്ച അലൻസിയർ മറ്റൊരു ഓർമ്മ കൂടി പങ്കുവെച്ചു. താനിതുവരെ എങ്ങും പറയാതിരുന്ന ആ രഹസ്യം കമൽ ഇരിക്കുന്ന വേദിയിൽ വെച്ച് അലൻസിയർ തുറന്നു പറഞ്ഞു:

“ ഞാൻ സ്റ്റീവ് ലോപ്പസ് എന്ന സിനിമ കഴിഞ്ഞപ്പോൾ കമൽ സാറിന്റെ ഒരു അസ്സോസിയേറ്റ് എന്നെ വിളിച്ചിട്ട് കമൽ സാറിനെ ഒന്നു വന്നു കാണാമോ, അദ്ദേഹം ഒരു സിനിമ ചെയ്യുന്നുണ്ട് എന്ന് അറിയിച്ചു. ഞാൻ പൊതുവേ സംവിധായകരെ കാണാൻ പോകാൻ മടിയുള്ളയാളാണു. കാരണം എനിക്കവരെ പേടിയാണു. നമ്മളേപ്പോലുള്ളവരെയൊക്കെ അവർ ഭിക്ഷക്കാരെപ്പോലെയാണു കാണുന്നത്. പക്ഷേ ‘നിങ്ങൾ വരണം, അദ്ദേഹത്തിനു നിങ്ങളുടെ സിനിമ ഇഷ്ടപ്പെട്ടു എന്നൊക്കെപ്പറഞ്ഞപ്പോൾ ഞാൻ പോകാൻ തീരുമാനിച്ചു.  എറണാകുളത്ത് രാവിലെ പത്തുമണിയ്ക്ക് എത്താം എന്നു പറയുന്നു. ഞാൻ രാവിലെ നാലുമണിയ്ക്ക് ഇവിടുന്നെഴുന്നേറ്റ് പത്തുമണിയായപ്പോൾ അദ്ദേഹത്തിന്റെ ഫ്ലാറ്റിനു മുന്നിലെത്തി. ഭാര്യയ്ക്കു ജോലിയുള്ളതുകൊണ്ട് അങ്ങനെ പട്ടിണി കിടക്കേണ്ടി വന്നിട്ടില്ല. എങ്കിലും പോകാൻ കാശുവേണമല്ലോ. ഞാൻ കടം ചോദിച്ചാൽ ഭാര്യ തരില്ല. അതുകൊണ്ട് ഒരു സുഹൃത്തിനുവേണ്ടിയാണെന്ന് പറഞ്ഞു അവളുടെ കയ്യിൽ നിന്നും കാശും കടം വാങ്ങിയാണു പോയത്.”

“അങ്ങനെ ഫ്ലാറ്റിനു മുന്നിൽ നിന്നു സഹസംവിധായകനെ വിളിച്ചപ്പോൾ അദ്ദേഹം പറഞ്ഞു, ഇപ്പോൾ കാണാൻ പറ്റില്ല ഒരു പന്ത്രണ്ടുമണിയാകട്ടെ. പന്ത്രണ്ടുമണിക്കു വീണ്ടും വിളിച്ചപ്പോൾ രണ്ടു മണിയാകട്ടെ എന്നായി. അങ്ങനെ അവസാനം നാലര അഞ്ചുമണിയായി. അപ്പോൾ ഞാൻ എന്റെ കൂടെയുണ്ടായിരുന്ന സുഹൃത്തിനോടു പറഞ്ഞു- ഇനി വിളിയില്ല. ഞങ്ങൾ അദ്ദേഹത്തിന്റെ ഫ്ലാറ്റിലേയ്ക്ക് കയറിച്ചെന്നു കോളിംഗ് ബെല്ലടിച്ചു. ഒരാൾ വന്നു വാതിൽ തുറന്നു. അദ്ദേഹത്തെ എനിക്ക് മനസ്സിലായി. അദ്ദേഹം ഡൈനിംഗ് ടേബിളിൽ എന്തോ കുറേ പേപ്പർ ഒക്കെ നിരത്തിവെച്ച് എന്തോ വർക്കിലാണു. അദ്ദേഹമെന്നോടു ചോദിച്ചു :‘ ആരാ?’ . എന്റെ ഈഗോ ഹർട്ടായി. ഞാൻ നേരത്തെ പറഞ്ഞതുപോലെ വലിയ കുഴപ്പക്കാരനാണല്ലോ. ഞാൻ പറഞ്ഞു : ‘ എന്റെ പേരു അലൻസിയർ ലേ ലോപ്പസ്. രാവിലെ പത്തുമണിയ്ക്കു വന്നതാണു. നിങ്ങളുടെ സഹസംവിധായകൻ പറഞ്ഞിട്ടു വന്നതാണു’. അപ്പോൾ പുള്ളിയ്ക്ക് അങ്ങനെയൊരു കാര്യത്തെക്കുറിച്ചു യാതൊരു അറിവുമില്ല. “

“ഞാൻ ഒരു കസേര വലിച്ചിട്ടു അദ്ദേഹത്തിനു മുന്നിലിരുന്നു.സാധാരണ സംവിധായകരുടെ വീട്ടിൽ വേഷം ചോദിച്ചു പോകുന്ന ആരും അങ്ങനെ ചെയ്യില്ല. എന്നിട്ട്  ‘ഇനി നിങ്ങളുടെ സിനിമയിൽ എനിക്കു വേഷം വേണ്ട’ എന്ന് പറയുകയും അവിടെനിന്ന് ഇറങ്ങിപ്പോരുകയും ചെയ്തു.”

“ അന്ന് അങ്ങനെ കമലിനോട് ദേഷ്യപ്പെട്ട് ഇറങ്ങിവന്നയാളാണു ഞാൻ. അതേ വ്യക്തിയെ ആയാലും പിന്നീട് കമാലുദ്ദീനാക്കി പാക്കിസ്ഥാനിലേയ്ക്ക് പറഞ്ഞുവിടാൻ ചിലർ ശ്രമിക്കുമ്പോൾ നിശബ്ദനായിരിക്കാൻ എനിക്ക് കഴിയില്ല. എന്തുകൊണ്ട് എം ടി വാസുദേവൻ നായരോട് നിങ്ങൾ പാക്കിസ്ഥാനിലേയ്ക്ക് പോകാൻ നിങ്ങൾ പറഞ്ഞില്ല? എം ടിയ്ക്കെതിരേയും ആക്രോശങ്ങളും വ്യക്തിപരമായ ആക്ഷേപങ്ങളും ഉണ്ടായിരുന്നല്ലോ? പക്ഷേ എങ്ങനെയാണു കമൽ കമാലുദ്ദീനാകുകയും അയാൾ പാക്കിസ്ഥാനിലേയ്ക്ക് പോകുകയും ചെയ്യണമെന്ന് ഇവർ തീരുമാനിക്കുന്നത്? അതുകൊണ്ടാണു കാസർഗോഡ് , പോർച്ചുഗലിലേയ്ക്കോ അമേരിക്കയിലേയ്ക്കോ എന്റെ പേരിന്റെ പേരിൽ എന്നെ കൊണ്ടുപോകുന്ന ബസുണ്ടോ എന്നന്വേഷിച്ച് ഞാൻ ചെന്നത്.” അലൻസിയർ പറഞ്ഞു.

അലൻസിയർ ഇതെല്ലാം പറയുമ്പോൾ എല്ലാം കേട്ടുകൊണ്ട് ഒരു ഭാവവ്യത്യാസവുമില്ലാതെ കമൽ വേദിയിലുണ്ടായിരുന്നു. കമലിനെക്കൂടാതെ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു, ബീന പോൾ , വി കെ ജോസഫ് തുടങ്ങിയവരും വേദിയിലുണ്ടായിരുന്നു.

ഫാസിസത്തിനും അസഹിഷ്ണുതയ്ക്കുമെതിരായ തന്റെ രാഷ്ട്രീയം ഉറക്കെ പ്രഖ്യാപിച്ചുകൊണ്ടാണു അലൻസിയർ ഓപ്പൺ ഫോറത്തിൽ സംസാരിച്ചത്. തന്റെ നിലപാടുകളുടെ പേരിൽ സംഘപരിവാർ സംഘടനകളുടെ അനുഭാവികൾ തന്റെ ഭാര്യയേയും അമ്മയേയും ആണു തെറിപറഞ്ഞതെന്നു അലൻസിയർ പറഞ്ഞു. ഇതവരുടെ അസഹിഷ്ണുതയുടെ മൂർച്ചയാണു കാണിക്കുന്നത്. തന്നെയവർ നായെന്നും ഭ്രാന്തനെന്നും വിളിച്ചതിൽ വിഷമമില്ലെന്നും അദ്ദേഹം പറഞ്ഞു. മനുഷ്യനേക്കാൾ നന്ദിയുള്ള മൃഗമാണു നായ. താൻ തന്റെ നാടിനോട് നന്ദിയുള്ളവനാണു. നാറാണത്ത് ഭ്രാന്തനും ഭ്രാന്തനായിരുന്നു. ആ നാട്ടിലാണു താൻ ജനിച്ചത്. നാറാണത്തു ഭ്രാന്തൻ കല്ലുരുട്ടിക്കയറ്റും എന്നിട്ടത് താഴേക്കിടും. ആ ഭ്രാന്ത് താനും ചെയ്യുന്നു.

“ഭരണകൂടത്തിനു ഭ്രാന്തിളകുമ്പോൾ ആ ഭ്രാന്ത് പൊറാട്ട് ഞാൻ നാടകമായിട്ടു നാട്ടുകാരുടെ മുന്നിൽ ആടിക്കാണിക്കും. അതിനെന്റെ നാവരിഞ്ഞുകളയും, എന്നെ നാടുകടത്തിക്കളയുമെന്നൊക്കെപ്പറഞ്ഞാൽ ഞാൻ നിശബ്ദനാകില്ല. ഞാനൊരു താരമേയല്ല. ഞാനീ മണ്ണിൽ ജീവിക്കുന്ന ഒരു മനുഷ്യനാണു. ഞാൻ നാടകം കളിച്ചുനടന്ന മണ്ണാണിത്. അതിനുള്ള അവകാശമെനിക്കുണ്ട്. എനിക്ക് കവിതയെഴുതാൻ പറ്റില്ല. എനിക്കു പ്രസംഗിക്കാനറിയില്ല. ഉപന്യാസമെഴുതാനറിയില്ല. സുവിശേഷം പറയാനറിയില്ല. എന്റെ മാധ്യമം എന്നത് എന്റെ ശരീരമാണു. നടനെന്ന നിലയിൽ. ആ ശരീരം കൊണ്ടാണു ഞാൻ പ്രതിരോധിക്കുന്നതും പ്രതിഷേധിക്കുന്നതും. അതു നിങ്ങളെന്നു കത്തിച്ചുകളയുമോ, അന്നുവരെ ഇതു തുടരും.” അലൻസിയർ പറഞ്ഞു.

നിറഞ്ഞ കരഘോഷത്തോടെയാണു അലൻസിയറിന്റെ വാക്കുകളെ കാണികൾ സ്വീകരിച്ചത്.